ഓട്ടവ : ലിബറൽ കോക്കസിനുള്ളിലും പുറത്തും പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ശക്തമാകുമ്പോൾ കാനഡ-യുഎസ് റിലേഷൻസ് കാബിനറ്റ് കമ്മിറ്റിയുടെ വെർച്വൽ മീറ്റിങിൽ പങ്കെടുക്കാനൊരുങ്ങി ജസ്റ്റിൻ ട്രൂഡോ. നവംബർ 30 ന് ട്രംപുമായി ട്രൂഡോ ഫ്ലോറിഡയിൽ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച നിരവധി കാനേഡിയൻ കാബിനറ്റ് മന്ത്രിമാരും ട്രംപ് ടീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രൂഡോ മന്ത്രി സഭയിലെ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിൻ്റെ രാജിയെത്തുടർന്ന് പ്രധാനമന്ത്രി സ്ഥാനം ഒഴിയാനുള്ള സമ്മർദ്ദം രൂക്ഷമാവുകയാണ്.
അതേസമയം, അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണം ജനുവരി 20 ന് നടക്കാനിരിക്കെയാണ് സമിതി യോഗം ചേരുന്നത്. അമേരിക്കൻ അതിർത്തി സുരക്ഷ ശക്തമാക്കണമെന്നും തൻ്റെ ആവശ്യം ഇരു രാജ്യങ്ങളും അംഗീകരിച്ചില്ലെങ്കിൽ കനേഡിയൻ, മെക്സിക്കൻ ഇറക്കുമതികൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. കാനഡയെ 51-ാമത് യുഎസ് സംസ്ഥാനമാക്കാമെന്നും നിയുക്ത അമേരിക്കൻ പ്രസിഡന്റ് മുൻപ് പരിഹസിച്ചിരുന്നു.