ഓട്ടവ : ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിലൊന്നായ കനേഡിയൻ പാസ്‌പോർട്ട് ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് റാങ്കിൽ ടോപ്പ് 5-ൽ നിന്നും പുറത്തായി. വീസയില്ലാതെ പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ലോകത്തെ 199 രാജ്യങ്ങളിലെ പാസ്‌പോർട്ടുകളെയാണ് ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് റാങ്ക് ചെയ്യുന്നു. ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള രാജ്യമെന്ന പദവി സിംഗപ്പൂർ നിലനിർത്തിയപ്പോൾ, ബുധനാഴ്ച പുറത്തിറക്കിയ പുതിയ ആഗോള റാങ്കിങിൽ മൂന്ന് സ്ഥാനങ്ങൾ ഇടിഞ്ഞ് കാനഡ മാൾട്ട, പോളണ്ട് എന്നീ രാജ്യങ്ങൾക്കൊപ്പം ഏഴാം സ്ഥാനം പങ്കിട്ടു. മൂന്ന് രാജ്യങ്ങളും188 രാജ്യങ്ങളിലേക്കാണ് വീസ രഹിത പ്രവേശനം അനുവദിക്കുന്നത്.

227 രാജ്യങ്ങളിൽ 195 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള ഏക രാജ്യം സിംഗപ്പൂരാണ്, രണ്ടാമത് ജപ്പാൻ (193). ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിൻ എന്നിവ മൂന്നാം സ്ഥാനത്തും (192) എത്തി. ഏറ്റവും വലിയ നേട്ടം കൈവരിച്ച രാജ്യങ്ങളിൽ ഒന്നാണ് ചൈന. 2015-ലെ 94-ാം സ്ഥാനത്ത് നിന്ന് ചൈന 2025-ൽ 60-ാം സ്ഥാനത്തേക്ക് ഉയർന്നു. ചൈനീസ് പാസ്പോർട്ട് ഉടമകൾ ഇപ്പോൾ 40 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനം അനുവദിക്കുന്നു. 2025-ൽ നേട്ടം കൈവരിച്ച മറ്റൊരു രാജ്യം യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആണ്. 185 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനത്തോടെ യുഎഇ പത്താം സ്ഥാനത്തെത്തി.

അതേസമയം റാങ്കിങ്ങിൽ ഏറ്റവും ഇടിവ് നേരിട്ട രാജ്യങ്ങളിൽ വെനസ്വേലയും യുണൈറ്റഡ് സ്റ്റേറ്റ്സും ഉൾപ്പെടുന്നു. വെനസ്വേല 2015-ലെ 30-ൽ നിന്ന് 2025-ൽ 45-ാം സ്ഥാനത്തേക്ക് താഴ്ന്നു. അതേസമയം കഴിഞ്ഞ ദശകത്തിൽ രണ്ടാം സ്ഥാനത്തു നിന്ന് ഒമ്പതാം സ്ഥാനത്തേക്ക് കുത്തനെ ഇടിവാണ് യുഎസ് നേരിട്ടത്. 2015-ൽ സൂചികയിൽ ഒന്നാം സ്ഥാനത്തായിരുന്ന യുണൈറ്റഡ് കിംഗ്ഡം ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. 26 രാജ്യങ്ങളിലേക്ക് മാത്രം വീസ രഹിത പ്രവേശനം അനുവദിച്ചതിനാൽ അഫ്ഗാനിസ്ഥാൻ പട്ടികയിൽ ഏറ്റവും താഴെയായി തുടരുന്നു.