ഹാലിഫാക്സ് : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് മാരിടൈംസിലെ കിഴക്കൻമേഖലയിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാല ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മാരിടൈംസിലെ മിക്ക സമുദ്രാതിർത്തികളിലും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് പ്രതീക്ഷിക്കുന്നു. പ്രിൻസ് എഡ്വേഡ് ഐലൻഡിൻ്റെ വടക്കൻ തീരപ്രദേശത്തും നോവസ്കോഷയുടെ വടക്കൻ തീരത്തും ഇൻവർനെസ് കൗണ്ടി – കെയ്പ് ബ്രെറ്റണിലും മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിലും കാറ്റ് വീശും. കാറ്റ് ശനിയാഴ്ച പുലർച്ചെ വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ കാലയളവിൽ ജലനിരപ്പും കുറയും. മാരിടൈംസിലെ വടക്കൻ തീരപ്രദേശങ്ങളിൽ ശക്തമായ വേലിയേറ്റത്തിനും തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.
തെക്കുകിഴക്കൻ ന്യൂബ്രൺസ്വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ്, നോവസ്കോഷയുടെ വടക്കൻ/കിഴക്കൻ പ്രദേശങ്ങൾ എന്നിവയാണ് വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ. കെയ്പ് ബ്രെറ്റൺ ഹൈലാൻഡ്സിൻ്റെ പടിഞ്ഞാറൻ ഭാഗത്ത് 15 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.