ഓട്ടവ : കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി രാജ്യത്തുടനീളം നോറോവൈറസ് കേസുകൾ വർധിച്ചു വരുന്നതായി കനേഡിയൻ ആരോഗ്യ ഉദ്യോഗസ്ഥർ. പ്രായമായവരും ചെറിയ കുട്ടികളുമാണ് ഏറ്റവും അപകടസാധ്യതയുള്ളതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ആൽബർട്ട, ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, നോവസ്കോഷ, സസ്കാച്വാൻ, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നീ പ്രവിശ്യകളിൽ നോറോവൈറസ് കേസുകൾ വർധിച്ചതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (PHAC) അറിയിച്ചു.
വിന്റർ വൊമിറ്റിംഗ് ബഗ് എന്ന പേരിലും അറിയപ്പെടുന്ന നോറോവൈറസ് ശീതകാലത്തും വസന്തത്തിൻ്റെ തുടക്കത്തിലും ആളുകൾ ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കുമ്പോൾ ഉണ്ടാകുന്ന ദഹനനാളത്തെ ബാധിക്കുന്ന രോഗമാണ്. ഛർദ്ദി, വയറിളക്കം, വയറുവേദന, ഓക്കാനം എന്നിവയാണ് ലക്ഷണങ്ങൾ. പനിയും തലവേദനയും കൂടി ചിലപ്പോൾ ഉണ്ടാകാം. സാധാരണയായി 12 മുതൽ 48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാവുകയും 1 മുതൽ 3 ദിവസത്തിനുള്ളിൽ രോഗം ഭേദമാവുകയും ചെയ്യുന്നു. വായിലൂടേയും വിസർജ്യങ്ങളിലൂടേയും (ഫെക്കൽ-ഓറൽ റൂട്ട്) ആണ് വൈറസ് സാധാരണയായി പടരുന്നത്. മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ വ്യക്തികൾ തമ്മിലുള്ള സമ്പർക്കത്തിലൂടെയോ ആകാം. കൂടാതെ മലിനമായ പ്രതലങ്ങളിലൂടെയോ രോഗബാധിതനായ വ്യക്തിയുടെ ഛർദ്ദിയിൽ നിന്ന് വായുവിലൂടെയോ നോറോവൈറസ് പടരാം.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് നോറോവൈറസ് രോഗാണുക്കൾ പടരുന്നത് കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണ്. ബ്ലീച്ച് ലായനിയോ മറ്റ് അണുനാശിനികളോ ഉപയോഗിച്ച് നോറോവൈറസ് ഉണ്ടാകാനിടയുള്ള ഉപരിതലങ്ങൾ അണുവിമുക്തമാക്കാം. നോറോവൈറസ് രോഗം ചികിത്സിക്കാൻ പ്രത്യേകമായി മരുന്ന് ഇല്ല. ഛർദ്ദിയും വയറിളക്കവും മൂലമുണ്ടാകുന്ന നിർജ്ജലീകരണം നിയന്ത്രിക്കുക, ആൻ്റിമെറ്റിക്സ്, ആൻ്റി ഡയറിയൽസ് എന്നിവ ഉപയോഗിച്ച് രോഗലക്ഷണങ്ങൾ ലഘൂകരിക്കുക തുടങ്ങിയ ചികിത്സകളിലൂടെ ലക്ഷ്യമിടുന്നത്.