എഡ്മിന്‍റൻ : പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയെ കണ്ടെത്താനുള്ള നേതൃമത്സര പ്രചാരണത്തിന് തുടക്കം കുറിച്ച് മുൻ ബാങ്ക് ഓഫ് കാനഡ ഗവർണർ മാർക്ക് കാർണി. ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഇന്ന് ഉച്ചകഴിഞ്ഞ് എഡ്മിന്‍റനിലെ കമ്മ്യൂണിറ്റി സെൻ്ററിൽ അദ്ദേഹം തന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. അതേസമയം ഔദ്യോഗിക പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പ് കൺസർവേറ്റീവ് പാർട്ടി അദ്ദേഹത്തെ “കാർബൺ ടാക്സ് കാർണി” എന്ന് മുദ്രകുത്തി പുതിയ ഡിജിറ്റൽ പരസ്യം പുറത്തിറക്കിയിട്ടുണ്ട്.

മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡും ലിബറൽ ഹൗസ് ലീഡർ കരീന ഗൗൾഡും വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരാർത്ഥികൾക്ക് തങ്ങളുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ ജനുവരി 23 വരെ സമയമുണ്ട്. പുതിയ നേതാവിനെ മാർച്ച് 9-ന് പ്രഖ്യാപിക്കും. കൂടാതെ നേതൃമത്സരത്തിൽ പങ്കെടുക്കാൻ 350,000 ഡോളർ എൻട്രി ഫീ നൽകണം. ജനുവരി 27-നകം ലിബറൽ അംഗമായി രജിസ്റ്റർ ചെയ്തവർക്ക് ഈ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാം. കുറഞ്ഞത് 14 വയസ്സ് പ്രായമുണ്ടായിരിക്കണം. കൂടാതെ കനേഡിയൻ പൗരനോ സ്ഥിര താമസക്കാരനോ ആയിരിക്കണം. മത്സരത്തിന് യോഗ്യത നേടുന്നതിനായി സ്ഥാനാർത്ഥികൾ രജിസ്റ്റർ ചെയ്ത 300 ലിബറൽ പാർട്ടി അംഗങ്ങളുടെ പിന്തുണ നേടണം. കൂടാതെ മൂന്ന് പ്രവിശ്യകളിൽ നിന്നോ പ്രദേശങ്ങളിൽ നിന്നോ കുറഞ്ഞത് 100 പേരുടെ പിന്തുണയും ഉണ്ടായിരിക്കണം.