തിരുവനന്തപുരം: ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രവാസി കേരളീയര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി നോര്‍ക്ക കെയര്‍ പദ്ധതി പ്രഖ്യാപിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. പുതുതായി നടപ്പാക്കാനിരിക്കുന്ന നോര്‍ക്ക ശുഭയാത്ര പദ്ധതിയിലൂടെ പ്രവാസവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് സഹായകമാകുന്ന നൈപുണ്യ വികസന വായ്പകള്‍ അനുവദിക്കുമെന്നും ആര്‍ലേക്കര്‍ കേരള നിയമസഭയില്‍ നടത്തിയ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുന്നതിന് നോര്‍ക്ക അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ്(നെയിം) പദ്ധതി പുതുതായി നടപ്പിലാക്കി. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസികള്‍ക്ക്, സ്വകാര്യ ബിസിനസുകളെയും പ്രവാസി സഹകരണത്തെയും പ്രയോജനപ്പെടുത്തി നൂറുദിന തൊഴിലവസരം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നോര്‍ക്ക വകുപ്പ് മുഖേന പ്രവാസി മലയാളികളെയും മടങ്ങിയെത്തിയവരെയും സഹായിക്കുന്നതിന് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് സ്‌കീമിനു (എന്‍ഡിപിആര്‍ഇഎം) കീഴില്‍ റീ ഇന്റഗ്രേഷന്‍ അസിസ്റ്റന്റ്‌സും, ദുരിതത്തിലായി തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സഹായം നല്‍കുന്നതിനുള്ള സാന്ത്വന പദ്ധതിയടക്കമുള്ള സുപ്രധാന സംരംഭങ്ങളും നടപ്പാക്കിയെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.