ഓട്ടവ : ലിബറല്‍ നേതൃ മത്സരത്തിന് ചൂട് പിടിപ്പിച്ച് ഗവണ്‍മെന്റ് ഹൗസ് ലീഡര്‍ കരീന ഗൗള്‍ഡും കളത്തിലിറങ്ങി. പാര്‍ട്ടിയെ പുനഃനിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ മത്സരത്തിനിറങ്ങുന്നതെന്ന് ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായ കരീന ഗൗള്‍ഡ് പറയുന്നു. കാനഡക്കാര്‍ക്ക് ലിബറല്‍ പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, ആ വിശ്വാസം വീണ്ടെടുക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് ‘പുതിയ തലമുറയുടെ നേതൃത്വം’ അനിവാര്യമാണെന്നും കരീന ഗൗള്‍ഡ് പറഞ്ഞു.

ലിബറല്‍ നേതൃത്വത്തിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, മുന്‍ ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി തുടങ്ങിയവര്‍ പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഓട്ടവ എംപി ചന്ദ്ര ആര്യ, മുന്‍ മണ്‍ട്രിയോള്‍ എംപി ഫ്രാങ്ക് ബെയ്ലിസും കെയ്പ് ബ്രെറ്റണ്‍ എംപി ജെയിം ബാറ്റിസ്റ്റ് തുടങ്ങിയരും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സരാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ ജനുവരി 23 വരെ സമയമുണ്ട്. പുതിയ നേതാവിനെ മാര്‍ച്ച് 9-ന് പ്രഖ്യാപിക്കും. കൂടാതെ നേതൃമത്സരത്തില്‍ പങ്കെടുക്കാന്‍ 350,000 ഡോളര്‍ എന്‍ട്രി ഫീ നല്‍കണം.