മൺട്രിയോൾ: പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് 2015 ലെ പാരിസ് ഉടമ്പടിയിൽ നിന്ന് യുഎസിനെ പിൻവലിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് പരിസ്ഥിതി മന്ത്രി സ്റ്റീവൻ ഗിൽബോൾട്ട്.
കാലിഫോർണിയ എക്കാലത്തെയും ഏറ്റവും വലിയ കാട്ടുതീ നേരിടുമ്പോൾ പ്രസിഡൻ്റ് ട്രംപ് ആഗോള പരിസ്ഥിതി ഉടമ്പടി ഉപേക്ഷിക്കുന്നത് തികച്ചും വിരോധാഭാസമാണെന്ന് സ്റ്റീവൻ ഗിൽബോൾട്ട് പറയുന്നു. ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുപിന്നാലെ കെബക്കിലെ മോണ്ടെബെല്ലോയിൽ നടന്ന ലിബറൽ ഗവൺമെൻ്റിൻ്റെ വാർഷിക ശീതകാല കാബിനറ്റ് റിട്രീറ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ 200 ഓളം രാജ്യങ്ങൾ ചേർന്ന് സ്വീകരിച്ച ഒരു ഉടമ്പടിയാണ് പാരിസ് ഉടമ്പടി. ഇതാദ്യമായല്ല പാരിസ് ഉടമ്പടിയിൽ നിന്ന് ഡോണൾഡ് ട്രംപ് അമേരിക്കയെ പിൻവലിക്കുന്നതെന്നും ഓവൽ ഓഫീസിലെ അദ്ദേഹത്തിന്റെ ആദ്യ ടേമിലും ഇത് തന്നെ ചെയ്‌തതായും ഗിൽബോൾട്ട് ചൂണ്ടിക്കാട്ടി. ഇപ്പോഴും കരാറിലുള്ള മറ്റു രാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ യുഎസിനെ കൂടാതെ മുന്നോട്ട് പോകുമെന്നും പരിസ്ഥിതി മന്ത്രി പറഞ്ഞു.