ഗാസയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കാണാതായവർക്കുള്ള തിരച്ചിൽ ഊർജിതമായി. റഫയിൽ 67 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ജീവകാരുണ്യസഹായവുമായി 600 ട്രക്കുകൾ ഇന്നലെ ഗാസയിൽ പ്രവേശിച്ചു.
15 മാസം നീണ്ട ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 1.70 ലക്ഷം കെട്ടിടങ്ങളാണു തകർന്നത്. ഈ അവശിഷ്ടങ്ങൾക്കടിയിൽ 10,000 പലസ്തീൻകാരെ കാണാതായിട്ടുണ്ട്. 5 കോടി ടൺ അവശിഷ്ടങ്ങളാണു ഗാസയിൽ കുന്നുകൂടിയതെന്നു യുഎൻ കണക്കുകൾ പറയുന്നു. ഇവ മുഴുവൻ നീക്കം ചെയ്യാൻ 21 വർഷമെടുക്കും. കുറഞ്ഞ് 120 കോടി ഡോളർ ചെലവാകും.

യുദ്ധം മൂലം ഗാസയുടെ വികസനം 69 വർഷം പിന്നാക്കം പോയെന്നും 18 ലക്ഷത്തോളം പേർക്ക് അടിയന്തര പാർപ്പിട സൗകര്യമൊരുക്കേണ്ടതുണ്ടെന്നും യുഎൻ ഡവലപ്മെന്റ് പ്രോഗ്രാം പറഞ്ഞു. കൃഷിഭൂമിയും വ്യാപകമായി നശിപ്പിക്കപ്പെട്ടു. 37 ആശുപത്രികളിൽ 17 എണ്ണമാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്.
ആദ്യ ദിവസം 3 ഇസ്രയേൽ ബന്ദികളുടെയും 90 പലസ്തീൻ തടവുകാരുടെ കൈമാറ്റം നടന്നു. രണ്ടാം കൈമാറ്റം ശനിയാഴ്ചയാണ്. അന്ന് ഹമാസ് 4 സ്ത്രീ ബന്ദികളെ വിട്ടയയ്ക്കും.