ടൊറൻ്റോ : ലൈൻ 1 ൻ്റെ ഒരു ഭാഗത്ത് പവർ റെയിൽ തകർന്നതിനാൽ സബ്‌വേ സർവീസ് നിർത്തിയതായി ടിടിസി. ബുധനാഴ്ച രാവിലെ ഷെപ്പേർഡ് വെസ്റ്റിനും ലോറൻസ് വെസ്റ്റിനും ഇടയിലാണ് സർവീസ് നിർത്തിയതെന്ന് ടിടിസി പറയുന്നു. ഇന്ന് രാവിലെ യോർക്ക്ഡെയ്ൽ സ്റ്റേഷനിലെ റെയിൽ പാളത്തിൽ വിടവ് കണ്ടതായി ട്രാൻസിറ്റ് ഏജൻസി അറിയിച്ചു.
അതേസമയം, യാത്രക്കാർക്കായി ഷട്ടിൽ ബസ് ആരംഭിച്ചതായി ടിടിസി പറഞ്ഞു. ഉപഭോക്താക്കൾക്ക് അനുഭവപ്പെട്ട അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും, യോർക്ക്ഡെയ്ൽ സ്റ്റേഷനിലെ തകരാർ കഴിയുന്നത്ര വേഗത്തിലും സുരക്ഷിതമായും പരിഹരിക്കുന്നതിനായി ജീവനക്കാർ കഠിനമായി പരിശ്രമിക്കുന്നതായി ടിടിസി വക്താവ് പറഞ്ഞു. റെയിലിലെ വിടവ് താത്കാലികമായി പരിഹരിക്കാൻ പുലർച്ചെ വരെ സമയമെടുക്കുമെന്ന് ടിടിസി പറയുന്നു. എന്നാൽ സബ്‌വേ സർവീസ് എപ്പോൾ പുനരാരംഭിക്കുമെന്നതിനെക്കുറിച്ച് വ്യക്തമല്ല.