ഓട്ടവ: അഫ്ഗാനിസ്ഥാനിൽ കനേഡിയൻ സൈന്യത്തിൻ്റെ വിവർത്തകരായി പ്രവർത്തിക്കുകയും പിന്നീട് മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുകയും ചെയ്ത അഫ്ഗാൻ കനേഡിയൻമാർക്ക് ഫെഡറൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സൈനിക നിരീക്ഷണ വിഭാഗം.
അഫ്ഗാനിസ്ഥാനിലെ സംഘർഷകാലത്ത് കാനഡയുടെ സൈന്യത്തിന് വേണ്ടി പ്രവർത്തിച്ച ഭാഷാ-സാംസ്കാരിക വിവർത്തകരെ സഹായിക്കാൻ ഫെഡറൽ ഗവൺമെൻ്റ് പരാജയപ്പെട്ടതായി ദേശീയ പ്രതിരോധ വകുപ്പിൻ്റെ ഇടക്കാല ഓംബുഡ് റോബിൻ ഹൈൻസ് റിപ്പോർട്ടിൽ പറയുന്നു. ഓരോ കേസും അവലോകനം ചെയ്യാനും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ഇന്റെർപ്രെട്ടേഴ്സ് നഷ്ടപരിഹാരം അർഹിക്കുന്നുണ്ടോ എന്ന് തീരുമാനിക്കാനും സർക്കാർ വിദഗ്ദരെ കൊണ്ടുവരണമെന്നും റിപ്പോർട്ട് അഭിപ്രായപ്പെടുന്നു.
2006 നും 2014 നും ഇടയിൽ, അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്യാനായി 81 പരിഭാഷകരെ നിയമിച്ചു. പലപ്പോഴും അവർക്ക് സൈനിക താവളങ്ങൾക്ക് പുറത്തുള്ള അപകടകരമായ ഇടങ്ങളിൽ പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, അവരെ സൈനിക ഉദ്യോഗസ്ഥരെപ്പോലെ പരിഗണിക്കുകയോ ആനുകൂല്യങ്ങളോ പിന്തുണയോ ഉറപ്പു വരുത്തുകയോ ചെയ്യാൻ സർക്കാരിന് സാധിച്ചില്ല.
മുൻപ് ജോലിയിലുണ്ടായിരുന്ന സർക്കാരിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടവരെ ഒൻ്റാരിയോ വർക്ക്‌പ്ലേസ് സേഫ്റ്റി ആൻഡ് ഇൻഷുറൻസ് ബോർഡിലേക്ക് (WSIB) അയയ്ക്കുകയായിരുന്നു. തുടർന്ന്, വിരമിച്ച വിവർത്തകർ സമർപ്പിച്ച WSIB ക്ലെയിമുകളിൽ മൂന്നെണ്ണത്തിനു മാത്രമാണ് സാമ്പത്തിക നഷ്ടപരിഹാരം ലഭിച്ചത്. അതിൽ 13 എണ്ണം ആരോഗ്യ സംരക്ഷണ ആനുകൂല്യങ്ങൾക്ക് യോഗ്യത നേടിയതായും റിപ്പോർട്ടിൽ പറയുന്നു.