ഹാലിഫാക്സ് : ഡാർട്ട്മൗത്തിലെ ഗവേഷണ കേന്ദ്രത്തിൽ സ്ഫോടക സാധ്യതയുള്ള വസ്തു കണ്ടെത്തിയതിനെത്തുടർന്ന് പ്രഖ്യാപിച്ച ഒഴിപ്പിക്കൽ ഉത്തരവ് പിൻവലിച്ചു. ഇതോടെ മക്കെ ബ്രിഡ്ജ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഇന്ന് വൈകുന്നേരമാണ് ബെഡ്‌ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിൽ നിന്ന് രാസവസ്തുക്കൾ ചോർന്നതായി ഹാലിഫാക്‌സ് റീജിയണൽ മുനിസിപ്പാലിറ്റി ആദ്യം റിപ്പോർട്ട് ചെയ്തത്. ഫോർമാൽഡിഹൈഡ് ഉൾപ്പെട്ടേക്കാവുന്ന ചോർച്ചയുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതായി വാർത്താക്കുറിപ്പിൽ മുനിസിപ്പാലിറ്റി അറിയിച്ചു. എന്നാൽ, അതിനു പകരം ഡ്രൈ പിക്രിക് ആസിഡ് 250 മില്ലി കണ്ടെയ്നറാണ് കണ്ടെത്തിയത്.
വരണ്ട കാലാവസ്ഥയിൽ ഈ രാസവസ്തു വളരെ സ്ഫോടനാത്മകമാണെന്നും അതിന്റെ സ്വഭാവം കണക്കിലെടുത്ത് നീക്കം ചെയ്യാനായി വിദഗ്ധ സംഘത്തെ വിന്യസിച്ചിരുന്നുവെന്നും ഹാലിഫാക്സ് റീജിയണൽ പൊലീസ് വ്യക്തമാക്കി. വൈകിട്ട് ആറോടെയാണ് രാസവസ്തുക്കൾ നീക്കം ചെയ്തത്. അതേസമയം, പ്രദേശത്ത് 250 മീറ്റർ ചുറ്റളവിൽ നിർബന്ധിത ഒഴിപ്പിക്കൽ നടത്തുകയും സുരക്ഷയുടെ ഭാഗമായി മക്കെ ബ്രിഡ്ജ് അടക്കുകയും ചെയ്തു. എന്നാൽ, ആറ് മണിയോടെ പാലം തുറന്നതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.