ടൊറന്റോ : വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ഫെഡറൽ എമർജൻസി പ്രിപ്പയേഡ്‌നെസ്സ് മന്ത്രി ഹർജിത് സജ്ജൻ. അതേസമയം, ലിബറൽ പാർട്ടി അംഗമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രൂഡോയുടെ നേതൃത്വത്തിൽ ലിബറൽ പാർട്ടി അധികാരത്തിൽ വന്ന 2015-ൽ വൻകൂവർ സൗത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഹർജിത് സജ്ജൻ, പ്രതിരോധം, വെറ്ററൻസ് കാര്യങ്ങൾ, അന്താരാഷ്ട്ര വികസനം എന്നിവയുൾപ്പെടെ കാബിനറ്റിൽ വിവിധ ചുമതലകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
കാനഡയോടുള്ള ട്രൂഡോയുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നേതൃത്വത്തിനും സജ്ജൻ സമൂഹ മാധ്യമത്തിലൂടെ നന്ദി അറിയിച്ചു. സമീപ വർഷങ്ങളിൽ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ മോശമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, രാഷ്ട്രീയക്കാർ പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. ലിബറൽ നേതൃത്വ മത്സരത്തിൽ മാർക്ക് കാർണിയെ പിന്തുണയ്ക്കാൻ താൻ പദ്ധതിയിടുന്നതായി ഹർജിത് സജ്ജൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.