ഓട്ടവ : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാനഡ പോസ്റ്റിന് 100 കോടി ഡോളർ വായ്പ നൽകി ഫെഡറൽ ഗവൺമെൻ്റ്. 2025-26 സാമ്പത്തിക വർഷത്തിൽ 103.4 കോടി ഡോളർ തിരിച്ചടയ്ക്കാവുന്ന ഫണ്ട് ലഭിക്കുമെന്ന് അറിയിച്ചതായി കാനഡ പോസ്റ്റ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതുവർഷത്തിൽ കാനഡ പോസ്റ്റ് സ്റ്റാമ്പിൻ്റെ വില വർധിപ്പിച്ചിരുന്നു.
എന്നാൽ, സോൾവൻസി നിലനിർത്താനും പ്രവർത്തനം തുടരാനും പുതിയ ഫണ്ട് സഹായിക്കുമെങ്കിലും, വായ്പ അതിൻ്റെ ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കില്ലെന്ന് കാനഡ പോസ്റ്റ് പറയുന്നു. തപാൽ, പാഴ്സൽ ഡെലിവറി മേഖലകളിലെ മാറ്റങ്ങൾ, ഉയർന്ന തൊഴിൽ ചെലവുകൾ, ലെഗസി റെഗുലേറ്ററി നടപടികൾ എന്നിവയാൽ 2018 മുതൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കാനഡ പോസ്റ്റ് നേരിടുന്നത്. ഇതിനിടെ കഴിഞ്ഞ വർഷം അവസാനം നടന്ന ജീവനക്കാരുടെ പണിമുടക്ക് കാനഡ പോസ്റ്റിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. ഫെഡറൽ ഗവൺമെൻ്റ് ഇടപെടലിനെ തുടർന്നാണ് പണിമുടക്ക് അവസാനിച്ചത്.