ജനീവ: ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി നേരിടാനായി ചെലവു ചുരുക്കാൻ തീരുമാനിച്ച് സംഘടന. യുഎസ് പ്രഖ്യാപനം സാമ്പത്തിക സ്ഥിതി ഗുരുതരമാക്കുമെന്ന് ഡയറക്ടർ ജനറൽ ടെഡ്രോസ് അഡാനം ജീവനക്കാർക്ക് നൽകിയ കത്തിൽ പറഞ്ഞു.
സംഘടനയുടെ ആകെ ബജറ്റിന്റെ 18% നൽകുന്നത് യുഎസാണ്. യാത്രച്ചെലവുകൾ, പുതിയ നിയമനങ്ങൾ എന്നിവ കുറയ്ക്കും. കൂടുതൽ ചെലവുചുരുക്കൽ പദ്ധതികൾ പിന്നീടു പ്രഖ്യാപിക്കുമെന്നും ജീവനക്കാർക്കുള്ള സന്ദേശത്തിൽ പറയുന്നു. അതേസമയം, ഗുരുതര വിഷയങ്ങളിൽ ഇടപെടാതിരിക്കില്ല. മുൻഗണനകൾ പുതുക്കി നിശ്ചയിക്കുമെന്നും അദ്ദേഹം അറിയിച്ചു.