ഹാലിഫാക്‌സ്: വെള്ളിയാഴ്ച ഹാലിഫാക്‌സിലെ ബെഡ്‌ഫോർഡ് ബേസിനിൽ ബോട്ട് മറിഞ്ഞ് കനേഡിയൻ ഫ്ലീറ്റ് അറ്റ്ലാൻ്റിക് കമാൻഡർ ജേക്കബ് ഫ്രഞ്ച് മരിച്ചതായി റോയൽ കനേഡിയൻ നേവി അറിയിച്ചു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ഹാലിഫാക്‌സ് ഏരിയ ഉൾക്കടലിൽ അപകടം നടന്നത്. ബോട്ടിലുണ്ടായിരുന്നത് രണ്ട് നാവികരായിരുന്നു. കനേഡിയൻ കോസ്റ്റ് ഗാർഡിൽ നിന്ന് രണ്ട് കപ്പലുകൾ എത്തിയാണ് ഇവരെ കരക്കെത്തിച്ചത്. ഇരുവരെയും ഉടൻത്തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളെ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് മിലിട്ടറി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാവികന്റെ മരണത്തിൽ സേന അനുശോചനം അറിയിച്ചു. നാവികൻ്റെ രാജ്യത്തോടുള്ള അർപ്പണബോധവും സേവനവും ഓർമ്മിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുമെന്നും നാവികസേന കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ശനിയാഴ്ച രാത്രി നാവികന്റെ മരണത്തിൽ തന്റെ അനുശോചനം രേഖപ്പെടുത്തി. നോവ സ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റണും അനുശോചനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.