ടൊറൻ്റോ: ഫെബ്രുവരി 27 നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി പദ്ധതികൾ ആരംഭിച്ച് ഒന്റാരിയോയിലെ പാർട്ടികൾ.ബുധനാഴ്ച മുതൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിനായി ചൊവ്വാഴ്ച ലഫ്റ്റനൻ്റ് ഗവർണറെ കാണുമെന്ന് പ്രീമിയർ ഡഗ് ഫോർഡ് പ്രഖ്യാപിച്ചു.അമേരിക്കയുടെ താരിഫ് ഭീഷണികൾക്ക് ഇടയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം തനിക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഫോർഡ് അവസരവാദമാണ് നടത്തുന്നതെന്നും ജനങ്ങളെ മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. അതേസമയം സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യുന്നതിനുള്ള തിരക്കിലാണ് പാർട്ടികൾ.
ലിബറൽ പാർട്ടി ക്യാമ്പയിൻ കോ-ഡയറക്ടർ ജെനിവീവ് ടോംനി പറയുന്നത് പാർട്ടി മാസങ്ങളായി തിരഞ്ഞെടുപ്പിനെ അഭിമുഖികരിക്കാൻ തയ്യാറാണെന്നാണ്. കൂടാതെ ധനസമാഹരണത്തിന് ഊന്നൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച വരെ നൂറിലധികം സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്തിട്ടുണ്ടെന്നും ലിബറൽ പാർട്ടി വ്യക്തമാക്കി.
പ്രോഗ്രസീവ് കൺസർവേറ്റീവുകളും ഇലക്ഷൻ പ്രവർത്തനങ്ങൾ ശക്തമാകുകയാണ്. പാർട്ടി ഒരു “സൂപ്പർ കോക്കസ്” മീറ്റിംഗ് നടത്താൻ തീരുമാനിച്ചിട്ടുണ്ട് .അവർ പ്രചാരണം ആരംഭിക്കാൻ തയ്യാറെടുക്കുമ്പോൾ തന്ത്രങ്ങൾ ചർച്ച ചെയ്യാൻ പാർട്ടി അനുഭാവികളെ ഒന്നിച്ചുചേർക്കുകയാണ് നീക്കമെന്ന് പാർട്ടി വ്യക്തമാക്കി.