വാഷിങ്ടൺ : 12 ഫെഡറല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെ സമിതികളെ പിരിച്ചുവിട്ട് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അധികാരത്തിലെത്തിയുടന്‍ തന്നെ വിവാദങ്ങള്‍ ഒഴിയാത്ത തീരുമാനങ്ങളാണ് ട്രംപ് കൈക്കൊണ്ടിരിക്കുന്നത്. ഭരണനിര്‍വ്വഹണത്തിലെ ശുദ്ധികലശത്തിന്റെ ഭാഗമായാണ് 12 ഫെഡറല്‍ നിരീക്ഷക സമിതികള്‍ പിരിച്ചുവിട്ടത്.
താന്‍ തീരുമാനങ്ങള്‍ നടപ്പിലാക്കി തുടങ്ങിയിട്ടേയുള്ളൂവെന്നും ബൈഡന്റെ നാലുവര്‍ഷത്തെ ഭരണകാലത്ത് ചെയ്തുകാണിക്കാന്‍ കഴിയാത്തത് താന്‍ ഒരാഴ്ചയില്‍ നടപ്പിലാക്കിയെന്നും ട്രംപ് അറിയിച്ചു.എന്നാല്‍ ട്രംപിന്റെ പെട്ടന്നുള്ള ഈ നടപടി ഉദ്യോഗസ്ഥരുടെ രോഷത്തിനും നിയമപരമായ വെല്ലുവിളികള്‍ക്കും കാരണമായിട്ടുണ്ട്.
എന്തുകൊണ്ടാണ് ഇന്‍സ്പെക്ടര്‍ ജനറലിനെ പുറത്താക്കിയതെന്ന് ചോദിച്ചപ്പോള്‍, പുതിയ ട്രംപ് ഭരണകൂടവുമായി യോജിച്ച് പോകാത്ത മുന്‍ ബൈഡന്‍ ഭരണകൂടത്തിന്റെ ഭാഗങ്ങള്‍ ഉപേക്ഷിക്കാനുള്ള പ്രസിഡന്റിന്റെ ശ്രമമാണ് ഈ നീക്കമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ രീതിയിലുള്ള പിരിച്ചുവിടലുകള്‍ക്ക് മുമ്പ് 30 ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് നിയമമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഒറ്റ ദിവസം കൊണ്ടാണ് ട്രംപ് ഈ നടപടി കൈക്കൊണ്ടത്. ഇത് നിയമപരമായി തെറ്റാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ട്രംപിന്റെ ആദ്യത്തെ ടേമിലാണ് ഇപ്പോള്‍ പിരിച്ചുവിട്ട ഇന്‍സ്‌പെക്ടര്‍ ജനറലുമാരില്‍ പലരേയും നിയമിച്ചത്.