ഇസ്രയേൽ–ഹിസ്ബുല്ല യുദ്ധത്തിലെ വെടിനിർത്തൽ കരാർ വ്യവസ്ഥ പ്രകാരം തെക്കൻ ലബനനിൽ നിന്ന് പിന്മാറാൻ ഇസ്രയേൽ സേനയ്ക്കു സാവകാശം. പിൻവാങ്ങുന്നതിനുള്ള സമയം ഫെബ്രുവരി 18 വരെ നീട്ടിയതായി യുഎസ് അറിയിച്ചു. കഴിഞ്ഞ നവംബറിൽ യുഎസ് മേൽനോട്ടത്തിൽ ഒപ്പുവച്ച കരാറിൽ 60 ദിവസത്തിനുള്ളിൽ തെക്കൻ ലബനനിൽ നിന്ന് ഇസ്രയേൽ സേന പൂർണമായും പിൻവാങ്ങുമെന്നു പറഞ്ഞിരുന്നു.
തെക്കൻ ലബനനിൽ ലബനന്റെ പട്ടാളത്തെ വിന്യസിക്കാൻ വൈകുന്നത് ഹിസ്ബുല്ല ഇവിടം വീണ്ടും അധീനത്തിലാക്കാൻ ഇടയാക്കുമെന്ന ഇസ്രയേലിന്റെ വാദം അംഗീകരിച്ചാണു തീയതി നീട്ടിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 2023 ഒക്ടോബർ 7നു മുൻപ് ഇരുപക്ഷവും തടവിലാക്കിയവരുടെ മോചനം സംബന്ധിച്ച് ഇസ്രയേലും ലബനനും ചർച്ച പുനരാരംഭിക്കുമെന്നും പറഞ്ഞു.