വൻകൂവർ : ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് കുത്തനെ കുറച്ചതോടെ പ്രവിശ്യയിൽ വീടുകളുടെ വിൽപ്പന വീണ്ടും ഉയർന്നതായി ബ്രിട്ടിഷ് കൊളംബിയ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (BCREA). ഭവന വിപണി സന്തുലിതമാണെന്നും ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായും അസ്സോസിയേഷൻ റിപ്പോർട്ട് ചെയ്തു. എന്നാൽ, യുഎസിൽ നിന്നുള്ള താരിഫ് ഭീഷണി വീടുകളുടെ വിൽപ്പനയെ സാരമായി ബാധിച്ചേക്കുമെന്നും അസ്സോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു.
പ്രവശ്യയിലെ വീടുകളുടെ വിൽപ്പന 14.3% വർധിച്ച് 2025 ൽ 85,140 ആകുമെന്ന് BCREA-യുടെ 2025 ഫസ്റ്റ് ക്വാർട്ടർ ഹൗസിങ് റിപ്പോർട്ട് പ്രവചിക്കുന്നു. 2026-ൽ ഇത് 87,970 യൂണിറ്റായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം പ്രവിശ്യയിലുടനീളം 74,000 വീടുകളാണ് വിറ്റഴിച്ചത്. അത് മുൻവർഷത്തേക്കാൾ അല്പം കൂടുതലാണ്. എന്നാൽ, വീടുകളുടെ ശരാശരി വില 4.5% ഉയർന്ന് 1,025,900 ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് കുറച്ചതോടെ ഫിക്സഡ് മോർഗെജ് നിരക്കുകൾ കുറഞ്ഞിരുന്നു. പലിശനിരക്ക് 2.5 ശതമാനത്തിൽ എത്തുന്നതിന് മുമ്പ് സെൻട്രൽ ബാങ്ക് വെട്ടിക്കുറവ് തുടരുമെന്ന് റിയൽ എസ്റ്റേറ്റ് അസോസിയേഷൻ പ്രതീക്ഷിക്കുന്നു. അഞ്ചുവർഷത്തെ ഫിക്സഡ് മോർഗെജ് നിരക്ക് ഈ വർഷം ഏകദേശം 4.5 ശതമാനത്തിൽ സ്ഥിരത കൈവരിക്കുമെന്നും അസോസിയേഷൻ പ്രവചിക്കുന്നു.