ടൊറൻ്റോ : നിശ്ചിത തിരഞ്ഞെടുപ്പ് തീയതിക്ക് ഒരു വർഷത്തിന് മുമ്പായി ഒൻ്റാരിയോ പ്രവിശ്യാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27-ന് നടക്കുമെന്ന് പ്രീമിയർ ഡഗ് ഫോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026 ജൂണിലാണ് പ്രവിശ്യാ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. പ്രവിശ്യാ നിയമസഭ പിരിച്ചുവിടാൻ ലഫ്റ്റനൻ്റ് ഗവർണറെ പ്രീമിയർ സന്ദർശിച്ചിരുന്നു. പ്രവിശ്യയിലെ 124 ഇലക്ട്രൽ ഡിസ്ട്രിക്ടുകളിലും തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവുകൾ ഇന്ന് വൈകിട്ട് 4 മണിക്ക് പ്രാബല്യത്തിൽ വരും.
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കനേഡിയൻ ഉൽപന്നങ്ങൾക്ക് 25% താരിഫ് ഏർപ്പെടുത്തുമെന്ന ഭീഷണി നിലനിൽക്കെയാണ് പ്രവിശ്യ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ട്രംപിൻ്റെ താരിഫ് ഭീഷണി ഒൻ്റാരിയോയുടെ വാഹന മേഖലയെ സാരമായി ബാധിക്കുമെന്നും തൊഴിലും സമ്പദ്വ്യവസ്ഥയും സംരക്ഷിക്കാൻ പ്രവിശ്യാ ഗവൺമെൻ്റിന് പതിനായിരക്കണക്കിന് ഡോളർ ചെലവഴിക്കേണ്ടിവരുമെന്നും ഫോർഡ് പറയുന്നു. താരിഫുകളെ നേരിടാൻ പ്രത്യേക സാമ്പത്തിക പദ്ധതി തൻ്റെ കാബിനറ്റ് ചർച്ച ചെയ്തിട്ടുണ്ടെന്നും അത് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പ്രഖ്യാപിക്കുമെന്നും ഫോർഡ് പറഞ്ഞു. അതേസമയം നേരത്തെയുള്ള തിരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ പറയുന്നു. ഗ്രീൻബെൽറ്റ് അഴിമതിയെക്കുറിച്ചുള്ള ക്രിമിനൽ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാനാണ് ഫോർഡ് നേരത്തെ തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തതെന്ന് ഒൻ്റാരിയോ ലിബറൽ ലീഡർ ബോണി ക്രോംബി ആരോപിക്കുന്നു.