എഡ്മിന്റൻ : അനധികൃത കുടിയേറ്റം തടയാൻ ആൽബർട്ട-യുഎസ് അതിർത്തിയിൽ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പരിശോധന ആരംഭിച്ചതായി RCMP. അതിർത്തി സുരക്ഷ ശക്തമാക്കാൻ കാനഡയ്ക്ക് മേൽ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ സമ്മർദ്ദം തുടരുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച മുതൽ പരിശോധന ആരംഭിച്ചിരിക്കുന്നത്. നിയമവിരുദ്ധ കുടിയേറ്റം, മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവയുൾപ്പെടെ എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി ഹെലികോപ്റ്റർ പ്രേരി അതിർത്തിയിൽ പരിശോധന നടത്തും.
അതിർത്തിക്കടുത്തുള്ള ഏത് സ്ഥലത്തും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ പെട്ടെന്ന് പ്രവർത്തിക്കാൻ കഴിയുന്ന പൊലീസ് ഓഫീസർമാർ ഹെലികോപ്റ്ററുകളിലുണ്ടായിരിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ബ്ലാക്ക് ഹോക്കിലുള്ളവർക്ക് ആൽബർട്ട അതിർത്തിയിൽ പരിശോധന നടത്തുന്ന ഇൻ്റഗ്രേറ്റഡ് ബോർഡർ എൻഫോഴ്സ്മെൻ്റ് ടീമുകളെ നേരിട്ട് സഹായിക്കാനും കഴിയും.
കാനഡയിൽ നിന്നുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കള്ളക്കടത്തും തടഞ്ഞില്ലെങ്കിൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണിയെ തുടർന്ന് അതിർത്തി സുരക്ഷ ശക്തിപ്പെടുത്താൻ കാനഡ ഗവൺമെൻ്റ് 130 കോടി ഡോളർ പ്രഖ്യാപിച്ചിരുന്നു. അതിർത്തി സുരക്ഷയ്ക്കായി ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, മൊബൈൽ നിരീക്ഷണ ടവറുകൾ എന്നിവ ഉൾപ്പെടുന്ന പുതിയ ആർസിഎംപി ഏരിയൽ ഇൻ്റലിജൻസ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.