ഓട്ടവ : ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഇൻ്റർമീഡിയറ്റ് തലത്തിലുള്ള പുതുമുഖങ്ങൾക്കായി പുതിയ ഇമിഗ്രേഷൻ പാത്ത് വേ ആരംഭിച്ച് ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). 2024 മാർച്ചിൽ ആദ്യമായി പ്രഖ്യാപിച്ച ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാമിന് കീഴിൽ, കെബെക്കിന് പുറത്തുള്ള കമ്മ്യൂണിറ്റിയിലുള്ള മുൻഗണനാ തൊഴിലുകളിൽ തൊഴിൽ വാഗ്ദാനമുള്ള പുതുമുഖങ്ങൾക്ക് നോമിനേറ്റ് ചെയ്യാനും കനേഡിയൻ സ്ഥിര താമസം (PR) സ്വീകരിക്കാനും കഴിയും. ന്യൂബ്രൺസ്വിക്കിലെ അക്കാഡിയൻ പെനിൻസുല, ഒൻ്റാരിയോയിലെ സഡ്ബറി, ടിമ്മിൻസ്, മാനിറ്റോബയിലെ സെൻ്റ് പിയറി ജോളിസ്, ബ്രിട്ടിഷ് കൊളംബിയയിലെ കെലോവ്ന എന്നിവയാണ് ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാമിനായി തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിറ്റികൾ.
ഉദ്യോഗാർത്ഥികൾക്ക് എഫ്സിഐപി വഴി സ്ഥിര താമസം (പിആർ) ലഭിക്കുന്നതിന്, തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിറ്റികളിൽ ഒന്നിലെ തൊഴിലുടമയിൽ നിന്ന് മുൻഗണനാ തൊഴിലിനായി അവർക്ക് (മറ്റ് എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും ഉള്ള) തൊഴിൽ ഓഫർ ഉണ്ടായിരിക്കണം. ഒപ്പം പങ്കെടുക്കുന്ന കമ്മ്യൂണിറ്റിയിലെ തൊഴിൽദാതാക്കളും ഐആർസിസിയുടെ വെബ്സൈറ്റിൽ എഫ്സിഐപിയുടെ കീഴിൽ ഒരു നിയുക്ത തൊഴിലുടമയാകാൻ അപേക്ഷിക്കണം.
FCIP-യിലേക്ക് അപേക്ഷിക്കുന്ന രാജ്യാന്തര ബിരുദധാരികൾ ചില നിബന്ധനകൾ പാലിക്കുന്നുണ്ടെങ്കിൽ പ്രവൃത്തി പരിചയം കാണിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം. കാനഡയ്ക്കുള്ളിൽ നിന്ന് ഈ പ്രോഗ്രാമിനായി അപേക്ഷിക്കുന്ന ബിരുദധാരികൾ അവരുടെ അപേക്ഷ സമയത്ത് കാനഡയിൽ സാധുവായ താൽക്കാലിക റസിഡൻ്റ് സ്റ്റാറ്റസ് (വർക്ക് പെർമിറ്റ്, സ്റ്റഡി പെർമിറ്റ് അല്ലെങ്കിൽ സന്ദർശക വീസ) ഉണ്ടെന്ന് ഉറപ്പാക്കണം. കൂടാതെ ഉദ്യോഗാർത്ഥികൾ FCIP വഴി PR-ന് അപേക്ഷിച്ചുകഴിഞ്ഞാൽ, അവരുടെ PR അപേക്ഷയുടെ പ്രോസസ്സിങ് സമയത്ത് അവർക്ക് വർക്ക് പെർമിറ്റിന് അർഹത ഉണ്ടായിരിക്കും. ഈ വർക്ക് പെർമിറ്റുകൾക്ക് രണ്ട് വർഷം വരെ സാധുതയുണ്ട്.