വാഷിംഗ്ടൺ ഡി സി : കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്നത് യു എസ് മാർച്ചിലേക്ക് നീട്ടിയെന്ന റിപ്പോർട്ട് തള്ളി വൈറ്റ് ഹൗസ്. ഫെബ്രുവരി 1 മുതൽ തന്നെ താരിഫുമായി മുന്നോട്ട് പോകാൻ പ്രസിഡൻ്റ് തീരുമാനിച്ചതായി അവർ സ്ഥിരീകരിച്ചു. ശനിയാഴ്ച മുതൽ കാനഡയിലും മെക്സിക്കോയിലും 25 ശതമാനം താരിഫുകളും ചൈനയിൽ 10 ശതമാനം താരിഫുകളും ചുമത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. സാധ്യമായ ഇളവുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ തന്റെ പക്കലില്ലെന്നും ലീവിറ്റ് വ്യക്തമാക്കി. തീരുവ നടപ്പാക്കുന്നത് മാർച്ച് 1 വരെ വൈകിപ്പിക്കുമെന്ന് വൈറ്റ് ഹൗസിൽ നിന്ന് വിവരം ലഭിച്ചതായി ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് അമേരിക്ക വിശദീകരവുമായി രംഗത്ത് വന്നത്.
അതേസമയം, ട്രംപിൻ്റെ താരിഫുകളോടുള്ള പ്രതികാര നടപടിയെന്ന നിലയിൽ, അമേരിക്കയിലേക്കുള്ള ഊർജ കയറ്റുമതി വെട്ടിക്കുറയ്ക്കുകയോ ചില ഉൽപ്പന്നങ്ങൾക്കും വിഭവങ്ങൾക്കും കയറ്റുമതി നികുതി ചുമത്തുകയോ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കനേഡിയൻ സർക്കാർ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.