ഓട്ടവ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മാസങ്ങളായി ഭീഷണിപ്പെടുത്തുന്ന താരിഫ് പ്രശ്നം കാനഡയിൽ പ്രധാന വിഷയമായി മാറിയിട്ടുണ്ട്. അതിർത്തി സുരക്ഷയും അനധികൃത മയക്കുമരുന്ന് കടത്തും തടഞ്ഞില്ലെങ്കിൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ഫെബ്രുവരി ഒന്ന് മുതൽ 25% താരിഫ് ചുമത്തുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ താരിഫുകൾ കാനഡയെ എങ്ങനെ ബാധിക്കുമെന്നും അതിന്‍റെ ആഘാതങ്ങൾ എന്തൊക്കെ ആകുമെന്നും പരിശോധിക്കാം
എന്താണ് താരിഫ്?
ചരക്കുകളുടെ ഇറക്കുമതി അല്ലെങ്കിൽ കയറ്റുമതിക്ക് ചുമത്തുന്ന നികുതിയാണ് താരിഫ്. ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന നികുതിയാണ് ഇറക്കുമതി തീരുവ. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയർത്തുക എന്ന ലക്ഷ്യം കൂടെ ഇറക്കുമതി തിരുവയുടെ പിന്നിലുണ്ട്. ഇതുവഴി പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും സാധിക്കുന്നു.
യുഎസിലേക്ക് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്ക്, ആ ഉൽപ്പന്നങ്ങൾക്ക് കമ്പനി നികുതി നൽകേണ്ടി വരും. നേരെമറിച്ച്, കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് കാനഡ താരിഫ് ബാധകമാക്കുകയാണെങ്കിൽ, യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കനേഡിയൻ വ്യാപാര സ്ഥാപനങ്ങൾ ആ ഇറക്കുമതികൾക്ക് നികുതി നൽകും, ഇത് യുഎസിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കനേഡിയൻ ഉപഭോക്താക്കൾക്ക് കൂടുതൽ ചെലവേറിയതാക്കും.
എന്തുകൊണ്ടാണ് സർക്കാരുകൾ താരിഫ് ഉപയോഗിക്കുന്നത്?
ഗവൺമെൻ്റുകൾ താരിഫുകൾ ഏർപ്പെടുത്തുന്നതിന് നിരവധി കാരണങ്ങളുണ്ട്, എന്നാൽ സാധാരണയായി താരിഫുകൾ മൂന്ന് കാര്യങ്ങൾക്കാണ് ചുമത്തുന്നത്.
1) ആദായനികുതി അല്ലെങ്കിൽ വിൽപ്പന നികുതിക്ക് സമാനമായ വരുമാനം സൃഷ്ടിക്കാൻ ഗവൺമെൻ്റുകൾ അവ ഉപയോഗിക്കുന്നു.
2) വിദേശ രാജ്യങ്ങളിൽ നിന്നുള്ള സ്വതന്ത്ര വ്യാപാരം ആഭ്യന്തര ഉൽപ്പാദകരെ ദോഷകരമായി ബാധിക്കുകയാണെങ്കിൽ, ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാൻ താരിഫുകൾ ഉപയോഗിക്കാം.
3) മറ്റൊരു രാജ്യത്ത് നിന്നുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതി അല്ലെങ്കിൽ കയറ്റുമതി പരിമിതപ്പെടുത്താനോ നിരോധിക്കാനോ നയതന്ത്ര ഉപകരണമായും താരിഫുകൾ ഉപയോഗിക്കാം.
ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും
താരിഫ് ഭീഷണി ഉയരുമ്പോൾ, ഇരു രാജ്യങ്ങളിലെയും ഉപഭോക്താക്കൾ വില വർധന നേരിടേണ്ടിവരുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. യുഎസ് ചുമത്തുന്ന 25% താരിഫ് കാനഡയിലെ ഒരു കുടുംബത്തിന് വാർഷികാടിസ്ഥാനത്തിൽ ശരാശരി ഏകദേശം 1,900 ഡോളർ അധിക ചിലവിന് കാരണമാകുമെന്ന് കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സ് പറയുന്നു. താരിഫുകൾ ഏർപ്പെടുത്തിയാൽ പെട്രോൾ, ഭക്ഷണം, ലഹരിപാനീയങ്ങൾ എന്നിവയ്‌ക്കൊപ്പം വാഹനങ്ങൾ, വാഹനങ്ങളുടെ പാർട്സുകൾ എന്നിവയ്ക്കും ചെലവേറും. കഴിഞ്ഞ വർഷം കാനഡയിൽ നിന്ന് യുഎസ് ഇറക്കുമതി ചെയ്ത ഏറ്റവും വലിയ രണ്ടാമത്തെ ചരക്കായിരുന്നു മോട്ടോർ വാഹനങ്ങൾ. ഇത് 3,400 കോടി യുഎസ് ഡോളറായിരുന്നു. കൂടാതെ കഴിഞ്ഞ വർഷം കാനഡയിൽ നിന്ന് 9,700 കോടി യുഎസ് ഡോളറിൻ്റെ എണ്ണയും വാതകവും യുഎസ് ഇറക്കുമതി ചെയ്തിട്ടുണ്ട്. താരിഫ് ഉയർന്ന വിലയ്ക്ക് കാരണമാവുകയും ഊർജ്ജം, വാഹനം, തടി, കാർഷിക മേഖലകളെ സാരമായി ബാധിക്കുകയും ചെയ്യും.
താരിഫുകൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കും?
ആഘാതങ്ങൾ
ജിഡിപി – 25% താരിഫ് കാനഡയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 2.6% കുറവിന് കാരണമാകും. ജിഡിപിയിലെ ഈ 2.6% കുറവ് ഏകദേശം 7,800 കോടി ഡോളറിന് തുല്യമായിരിക്കും.
മാന്ദ്യം – 25% താരിഫ് ചുമത്തുന്നത് ആദ്യ വർഷം കാനഡയുടെ ജിഡിപിയിൽ 2.5% ഇടിവും തുടർന്ന് അടുത്ത വർഷം 1.5% ഇടിവും ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്ലെം പ്രവചിക്കുന്നു. ജിഡിപിയിലെ ഈ ഇടിവ് മാന്ദ്യമായി അദ്ദേഹം വിശേഷിപ്പിക്കുന്നു.