എറണാകുളം : ലൈംഗിക പീഡന പരാതിയിൽ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ മുകേഷ് എംഎൽഎ ആയി തുടരുന്നത് ശരിയല്ലെന്ന് മുകേഷിനെതിരെ പരാതി നൽകിയ നടി. കുറ്റപത്രം നൽകിയതിൽ സർക്കാരിനോടും പ്രത്യേക അന്വേഷണ സംഘത്തിനോടും നന്ദിയുണ്ട്. താൻ പോലും അറിയാത്ത തെളിവുകളാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. അന്വേഷണവുമായി താൻ പൂർണ്ണമായി സഹകരിച്ചു. പ്രത്യേക അന്വേഷണം സംഘം കൃത്യമായി ഇടപെട്ടെന്നും നടി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിരവധി ഭീഷണികൾ നേരിട്ടു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നടി ആലുവയിൽ പറഞ്ഞു.

മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ് ഐ ടി കുറ്റപത്രത്തില്‍ പറയുന്നു. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്. താരസംഘടന അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി. മണിയന്‍പിള്ള രാജു, ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.