ഗാസ വെടിനിർത്തൽ നിലവിൽ വന്നിട്ടും ഇസ്രയേൽ ആക്രമണം തുടരുന്നു. മധ്യ ഗാസയിൽ നുസേറത്ത് ക്യാംപിനു പടിഞ്ഞാറ് തീരദേശപാതയിൽ വാഹനം ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുട്ടിയുൾപ്പെടെ 4 പലസ്തീൻകാർക്കു പരുക്കേറ്റു. വടക്കൻ ഗാസയിലേക്കു പോയ സംശയകരമായ വാഹനം തകർത്തെന്നും വെടിനിർത്തൽ കരാറിൽ ആക്രമണം ഒഴിവാക്കാൻ പറഞ്ഞിട്ടുള്ള മേഖലയ്ക്കു പുറത്തായിരുന്നു ഈ സ്ഥലമെന്നും ഇസ്രയേൽ അറിയിച്ചു. വെടിനിർത്തൽ വ്യവസ്ഥയുടെ ലംഘനമാണെന്ന് ഹമാസ് ആരോപിച്ചു.
വാഹനങ്ങളും വസതികളും തകർക്കുന്നത് ഹമാസ് ബന്ധം സംശയിച്ചാണെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ നിലപാട്. സഹായവിതരണം ഉറപ്പാക്കുന്നതു കരാറിന്റെ ഭാഗമാണെങ്കിലും അതു നടപ്പാക്കാൻ ഇസ്രയേൽ താൽപര്യം കാണിക്കുന്നില്ലെന്നും ഹമാസ് കുറ്റപ്പെടുത്തി. മരുന്നും ഇന്ധനവും അടക്കം സഹായം ഗാസയിലേക്കു കടത്തിവിടുന്നില്ലെന്നാണ് ആരോപണം.
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ജെനിൻ അഭയാർഥി ക്യാംപിനു നേരെ നടത്തിയ ആക്രമണത്തിൽ ഇരുപതോളം വീടുകളും കെട്ടിടങ്ങളും തകർന്നു. തീവ്രവാദ സംഘടനങ്ങൾ ഉപയോഗിക്കുന്നതായി കരുതുന്ന കെട്ടിടങ്ങളാണു തകർക്കുന്നതെന്ന് ഇസ്രയേൽ പറയുന്നു. സർക്കാർ ആശുപത്രി കെട്ടിടവും ഭാഗികമായി നശിച്ചു. ആർക്കും പരുക്കില്ല.
പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ചകൾക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ യുഎസിലേക്ക് പുറപ്പെട്ടു. വൈറ്റ്ഹൗസിൽ നാളെയാണ് കൂടിക്കാഴ്ച.