മിസ്സിസാഗ : യുഎസ് താരിഫ് വര്‍ധനയുടെ ആശങ്ക നിലനില്‍ക്കെ ജനങ്ങള്‍ കനേഡിയന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്ന് അഭ്യര്‍ത്ഥിച്ച് മിസ്സിസാഗ മേയര്‍ കാരൊലിന്‍ പാരിഷ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കനേഡിയന്‍ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ 25% താരിഫ് വര്‍ധനയ്ക്ക് എതിരെയുള്ള ഫെഡറല്‍, പ്രവിശ്യാ സര്‍ക്കാരുകളുടെ നടപടികളെ കാരൊലിന്‍ പാരിഷ് പ്രശംസിച്ചു. കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള കനത്ത താരിഫ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍, വളര്‍ന്നുവരുന്ന വ്യാപാര തര്‍ക്കം പരിഹരിക്കാനും താരിഫ് വര്‍ധന തടയാനും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഡോണള്‍ഡ് ട്രംപുമായി വീണ്ടും സംസാരിക്കും.
താരിഫ് വര്‍ധനയില്‍ നിന്നും പ്രാദേശിക വ്യാപാരസ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി ഗ്രോസറി സാധനങ്ങള്‍ ഉള്‍പ്പെടെ കനേഡിയന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ മിസ്സിസാഗ നിവാസികള്‍ അണിനിരക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. മിസ്സിസാഗയുടെ ആഭ്യന്തര സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും കാനഡയിലെ ഏഴാമത്തെ വലിയ നഗരത്തിന്റെ മേയര്‍ പറഞ്ഞു