ടൊറന്റോ : യുഎസ് താരിഫ് നിയമത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് ആഹ്വാനം ചെയ്ത് ടൊറന്റോ മേയര്‍ ഒലിവിയ ചൗ. പ്രാദേശികമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രഥമ സ്ഥാനം നല്‍കി കൊണ്ടുള്ള മുന്നേറ്റം താരിഫ് നിയമങ്ങളെ പ്രതിരോധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനായി പ്രവിശ്യ തലവന്‍മാരെ ഏകോപിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സിറ്റി മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അമേരിക്കയുടെ താരിഫ് നിയമത്തിനെതിരെ പ്രതികരിക്കുന്നതിനുള്ള ആക്ഷന്‍ പ്ലാനില്‍ buy canadian initiative എന്ന സംരഭത്തിന് പ്രധാന്യം നല്‍കണമെന്നും ചൗ പറഞ്ഞു.
കനേഡിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അപകടസാധ്യതയുള്ള മേഖലകളെ സംരക്ഷിക്കുക, തൊഴിലാളികളെയും തൊഴിലും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ വ്യാപാരി, ലേബര്‍ ലീഡര്‍മാരുടെ സാമ്പത്തിക പ്രവര്‍ത്തന ടീം രൂപീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി.വ്യാപാരയുദ്ധം തങ്ങളുടെ ജോലിയെ ബാധിക്കുമെന്ന് ആശങ്കയിലാണ് ജനങ്ങളെന്നും ഒലിവിയ ചൗ പറഞ്ഞു.
കാനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% താരിഫ് ഫെബ്രുവരി 4 ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അതിന് മറുപടിയായി മദ്യം, ഫര്‍ണിച്ചര്‍, പ്രകൃതി വിഭവങ്ങള്‍ എന്നിവയുള്‍പ്പെടെ 155 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തി കാനഡ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും വ്യക്തമാക്കി.