ഓട്ടവ : “ഫെൻ്റനൈൽ സാർ” (Fentanyl Czar) കാനഡ-യുഎസ് അതിർത്തിയിലൂടെയുള്ള അനധികൃത മയക്കുമരുന്നുകളുടെ ഒഴുക്ക് തടയാൻ സഹായിക്കുമെന്ന് പബ്ലിക് സേഫ്റ്റി മന്ത്രി ഡേവിഡ് മക്ഗിൻ്റി. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പുതുതായി വാഗ്‌ദാനം ചെയ്ത, ഇതുവരെ പേരിട്ടിട്ടില്ലാത്ത ഉദ്യോഗസ്ഥൻ കനേഡിയൻ, യുഎസ് സർക്കാരുകൾക്കിടയിലുള്ള പ്രധാന സംഭാഷകനായി പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിലൂടെ അനധികൃത മയക്കുമരുന്ന് കടത്ത് തടയാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.

അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥരെയും 60 പുതിയ ഡ്രോണുകളും നിരീക്ഷണ ഉപകരണങ്ങളും ഒരുപിടി ഹെലികോപ്റ്ററുകളും അതിർത്തിയിൽ ഉപയോഗിക്കും. 130 കോടി ഡോളറിൻ്റെ ബോർഡർ പ്ലാനിൻ്റെ ഭാഗമാണ് ഈ നടപടി. കാനഡ മെക്സിക്കൻ കാർട്ടലുകളെ തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ട്രൂഡോ വാഗ്ദാനം ചെയ്തിട്ടുണ്ട്. മെക്സിക്കൻ കാർട്ടലുകളുടെ പ്രവർത്തനം തടയാനും തടസ്സപ്പെടുത്താനും ആർസിഎംപിയെ ശക്തിപ്പെടുത്തുമെന്നും പബ്ലിക് സേഫ്റ്റി മന്ത്രി അറിയിച്ചു. അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾ, ഫെൻ്റനൈൽ കടത്ത് എന്നിവയെ കുറിച്ച് അന്വേഷിക്കാൻ പുതിയ ഇൻ്റലിജൻസ് നിർദ്ദേശത്തിനായി ഫെഡറൽ സർക്കാർ 20 കോടി ഡോളർ നിക്ഷേപിക്കും. കൂടാതെ സംഘടിത കുറ്റകൃത്യങ്ങൾ, ഫെൻ്റനൈൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ അവസാനിപ്പിക്കാൻ “സ്ട്രൈക്ക് ഫോഴ്സ്” ആരംഭിക്കും.