വൻകൂവർ : നഗരത്തിലെ വീടുകളുടെ വിൽപ്പന കഴിഞ്ഞ മാസം വീണ്ടും ഉയർന്നതായി വൻകൂവർ റിയൽ എസ്റ്റേറ്റ് ബോർഡ്. വർഷം തോറും 8.8% വർധിച്ച് ഗ്രേറ്റർ വൻകൂവറിൽ ജനുവരിയിൽ 1552 വീടുകൾ വിറ്റതായി ബോർഡ് റിപ്പോർട്ട് ചെയ്തു. എന്നാൽ, 10 വർഷത്തെ സീസണൽ ശരാശരിയേക്കാൾ 11.3% കുറവാണെന്നും ബോർഡ് അറിയിച്ചു. മുൻ വർഷത്തേക്കാൾ 0.5 ശതമാനവും ഡിസംബറിനേക്കാൾ 0.1 ശതമാനവും ഉയർന്ന് ജനുവരിയിൽ വീടുകളുടെ വില 1,173,000 ഡോളറായി.

2024 ജനുവരിയിൽ നിന്ന് 46.9% വർധനയിൽ പുതുതായി ലിസ്റ്റുചെയ്ത വീടുകളുടെ എണ്ണം 5,566 ആയി. ഈ മേഖലയിൽ നിലവിൽ 11,494 വീടുകൾ വിൽപ്പനയ്‌ക്കായി ലിസ്റ്റുചെയ്തിട്ടുണ്ടെന്ന് ബോർഡ് പറയുന്നു. 2024 ജനുവരിയെ അപേക്ഷിച്ച് 33.1% വർധനയും 10 വർഷത്തെ സീസണൽ ശരാശരിയേക്കാൾ മൂന്നിലൊന്ന് കൂടുതലുമാണ് ഇത്. കഴിഞ്ഞ മാസം വൻകൂവർ മേഖലയിലെ വീടുകളുടെ വിൽപ്പന വർധനയ്ക്ക് നേതൃത്വം നൽകിയത് അപ്പാർട്ട്മെൻ്റ് ഹോം വിഭാഗമാണ്. ഈ വിഭാഗത്തിൽ വർഷം തോറും 13.4% ഉയർന്നു. തുടർന്ന് അറ്റാച്ച്ഡ് ഹോം വിൽപ്പന 12.6 ശതമാനവും ഉയർന്നതായി വൻകൂവർ റിയൽ എസ്റ്റേറ്റ് ബോർഡ് ഡാറ്റാ അനലിറ്റിക്‌സ് ഡയറക്ടർ ആൻഡ്രൂ ലിസ് അറിയിച്ചു. കൂടാതെ 2024-നെ അപേക്ഷിച്ച് ജനുവരിയിൽ ഡിറ്റാച്ച്ഡ് വീടുകളുടെ വിൽപ്പന 0.3 ശതമാനവും വർധിച്ചു.