ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രപതി ഭവന്‍ വിവാഹവേദിയാകുന്നു. ഫെബ്രുവരി പന്ത്രണ്ടിനാണ് വിവാഹം. രാഷ്ട്രപതി ഭവനിലെ മദര്‍ തെരേസ ക്രൗണ്‍ കോംപ്ലക്‌സില്‍ വച്ചായിരിക്കും വിവാഹം നടക്കുക. രാഷ്ട്രപതി ദ്രൗപതി മുര്‍മു വിവാഹത്തിന് അനുമതി നല്‍കിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവനില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
രാഷ്ട്രപതി ഭവനില്‍ വിവാഹം കഴിക്കുന്ന ആദ്യ വ്യക്തി ആരാണെന്ന ആകാംക്ഷയിലാണ് രാജ്യം. രാഷ്ട്രപതി ഭവനില്‍ പിഎസ്ഒ ആയി നിയമിതയായ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി.ആര്‍.പി.എഫ്) ഉദ്യോഗസ്ഥയും 74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ സിആര്‍പിഎഫിന്റെ വനിതാ സംഘത്തെ നയിച്ചിരുന്നയാളുമായ പൂനം ഗുപ്തയാണ് ആദ്യമായി രാഷ്ട്രപതി ഭവനില്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നത്. ജമ്മുകശ്മീരില്‍ സേവനം അനുഷ്ഠിക്കുന്ന സിആര്‍പിഎഫ് ഓഫീസറായ അവ്നിഷ് കുമാറാണ് പുനം ഗുപ്തയുടെ വരന്‍.
പുനത്തിന്റെ അര്‍പ്പണ മനോഭാവവും പെരുമാറ്റവുമാണ് രാഷ്ട്രപതിയുടെ അസാധാരണ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ലെ യുപിഎസ്സി സിഎപിഎഫ് പരീക്ഷയില്‍ 81-ാം റാങ്ക് നേടിയാണ് രാഷ്ട്രസേവനത്തിനായി ചുവടുവയ്ക്കുന്നത്. ബീഹാറിലെ നക്‌സല്‍ ബാധിത പ്രദേശത്തും പൂനം സേവനമനുഷ്ഠിച്ചിട്ടുണ്ട്.