ഓട്ടവ : എയർബാഗ് പ്രശ്നത്തെ തുടർന്ന് നിരവധി ജനപ്രിയ ടൊയോട്ട മോഡലുകൾ തിരിച്ചുവിളിച്ചു. 2023 മോഡൽ കൊറോള, കൊറോള ക്രോസ്, ഹൈലാൻഡർ, ടാക്കോമ എന്നീ വാഹനങ്ങളാണ് അപകടസമയത്ത് ഡ്രൈവർ സൈഡിലെ എയർബാഗ് പ്രവർത്തനക്ഷമമാകാത്തതിനെ തുടർന്ന് തിരിച്ചു വിളിച്ചിരിക്കുന്നത്. കൂടാതെ ചില വാഹനങ്ങളിൽ സ്റ്റിയറിങ് വീൽ സ്പൈറൽ കേബിൾ അസംബ്ലി വേർപ്പെട്ട് പോകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ പ്രശ്നം ഉണ്ടാകുമ്പോൾ എയർബാഗ് (എസ്ആർഎസ്) മുന്നറിയിപ്പ് ലൈറ്റ് ഓണാകും. കൂടാതെ ഡ്രൈവർ-ഫ്രണ്ട് എയർബാഗ് അപകടസമയത്ത് പ്രവർത്തിക്കില്ല. ഇത് ഹോൺ അല്ലെങ്കിൽ മറ്റ് സ്റ്റിയറിംഗ് വീൽ ഘടിപ്പിച്ച നിയന്ത്രണങ്ങൾ ശരിയായി പ്രവർത്തിക്കാതിരിക്കാനും കാരണമായേക്കാം, അധികൃതർ പറയുന്നു.
ഈ മോഡൽ വാഹനങ്ങൾ 2023-ൽ ഇതേകാരണങ്ങളാൽ തിരിച്ചുവിളിച്ചിരുന്നു. എന്നാൽ, ആ സമയത്ത് ശരിയായി പരിശോധിച്ചിട്ടില്ലെന്നും വാഹനങ്ങൾ എത്രയും വേഗം കമ്പനിയിൽ തിരിച്ചെത്തിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. തിരിച്ചുവിളിക്കൽ അവർക്ക് ബാധകമാണോ എന്ന് ഉറപ്പില്ലെങ്കിൽ ഉടമകൾ കമ്പനിയുമായി ബന്ധപ്പെടാനോ ഓൺലൈനിൽ പരിശോധിക്കാനോ നിർദ്ദേശിക്കുന്നു.