വാഷിങ്ടൻ: ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള ഉപരോധം കടുപ്പിക്കാനുള്ള നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എണ്ണ കയറ്റുമതിക്കുള്ള ഉപരോധം സമ്പൂർണമാക്കാൻ ലക്ഷ്യമിടുന്ന ‘പരമാവധി സമ്മർദ’ നയം പുനഃസ്ഥാപിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ച്. എണ്ണ കയറ്റുമതിയിൽ നിന്നു ലഭിക്കുന്ന പണം ഇറാൻ ആണവ സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്നതു തടയാനാണ് ഈ നീക്കം.

ഇതേസമയം, ഇറാനുമായുള്ള ആണവ സമാധാനക്കരാർ പരിഷ്കരിക്കാൻ താൽപര്യപ്പെടുന്നതായി ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ആണവപ്രശ്നത്തിൽ നയതന്ത്രത്തിന് ഒരവസരം കൂടി നൽകാൻ താൽപര്യപ്പെടുന്നുവെന്ന ട്രംപിന്റെ പ്രസ്താവനയെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഹ്ചി സ്വാഗതം ചെയ്തു.