ദമാം: സൗദിയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. ദമാമിലെ കിങ് അബ്ദുല്‍ അസീസ് തുറമുഖത്ത് 11 ദശലക്ഷത്തിലധികം മയക്കുമരുന്നുകളാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ പിടികൂടിയത്. തുറമുഖത്ത് എത്തിയ ഭക്ഷ്യസാധനങ്ങളുടെ ഷിപ്പില്‍ ഒളിപ്പിച്ച നിലയില്‍ ആംഫെറ്റാമിന്‍ ഗുളികകള്‍ കണ്ടെത്തുകയായിരുന്നു.
രാജ്യത്തിന്റെ സുരക്ഷയെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ലഹരി കടത്തും ശൃംഖലയും കണ്ടെത്തുന്നതിനുള്ള നിലവിലുള്ള സുരക്ഷാ ക്യാംപെയ്‌നിന്റെ ഭാഗമായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിയുടെ സഹകരണത്തോടെ നടത്തിയ സുരക്ഷാ ഓപ്പറേഷനിലാണ് ഡയറക്ടറേറ്റ് ലഹരി വേട്ട നടത്തിയത്.
മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പരിലും സൗദിയിലെ മറ്റ് പ്രദേശങ്ങളില്‍ 999 എന്ന നമ്പരിലും വിളിച്ച് ലഹരി കടത്ത് എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ അറിയിക്കാന്‍ സുരക്ഷാ അധികാരികള്‍ പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു.