യുഎഇയിൽ കുറ്റകൃത്യങ്ങൾ വിലയിരുത്താനും കേസുകൾ വിശകലനം ചെയ്യാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കൊണ്ട് വരുന്നു. ഇതുസംബന്ധിച്ച പരീക്ഷണം പുരോഗമിക്കുകയാണ്. എഐയെ കേസുകൾ വിലയിരുത്താൻ ഏൽപിക്കുന്ന കാലം വിദൂരമല്ലെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷനിലെ എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ പ്രോസിക്യൂഷൻ മേധാവി സാലിം അലി ജുമാ അൽ സാബി പറഞ്ഞു.
ഇതോടെ കേസുകളിൽ തീർപ്പുകൽപിക്കുന്നതിൽ വേഗതയേറും. അബുദാബിയിൽ ചൊവ്വാഴ്ച എഐ എവരിത്തിങ് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വേഗത്തിൽ നീതി ലഭ്യമാക്കാൻ സഹായിക്കുന്നതിന് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽ കേസുകളിൽ വായിക്കാനും വിവർത്തനം ചെയ്യാനും ധാരാളം രേഖകൾ ഉണ്ടെന്നും ഇക്കാര്യത്തിൽ എഐ ഉപയോഗം സമയം ലാഭിക്കുമെന്നും സൂചിപ്പിച്ചു.
നടപടിക്രമങ്ങളിൽ സഹായിക്കുക മാത്രമാണ് തൽക്കാലം എഐയുടെ ചുമതലയെന്നും തീരുമാനമെടുക്കുന്നത് ജഡ്ജിമാരായിരിക്കുമെന്നും സൂചിപ്പിച്ചു. ഏതൊക്കെ മേഖലകളിൽ എഐ സഹായം തേടണമെന്ന കാര്യത്തിൽ വ്യക്തമായ നയമുണ്ടെന്നും പറഞ്ഞു. കോവിഡ് കാലത്ത് മാസ്ക് ധരിക്കാത്ത ആളുകളെ യുഎഇ കണ്ടെത്തിയിരുന്നത് എഐ ക്യാമറ ഉപയോഗിച്ചാണ്. ഡേറ്റ ശേഖരിക്കുന്നതിനും വ്യക്തിയെ തിരിച്ചറിയുന്നതിനുമെല്ലാം എഐ സഹായം വിലപ്പെട്ടതാണെന്നും പറഞ്ഞു.