ഫ്രെഡറിക്ടൺ : ആരോഗ്യം, വിദ്യാഭ്യാസം, നിർമ്മാണം തുടങ്ങിയ മേഖലകളിലെ കുടിയേറ്റത്തിന് മുൻഗണന നൽകി പ്രവിശ്യാ ഇമിഗ്രേഷൻ പ്രോഗ്രാം നറുക്കെടുപ്പുകൾ വീണ്ടും ആരംഭിച്ച് ന്യൂബ്രൺസ്വിക്. ഈ വർഷം പ്രവിശ്യയ്ക്ക് 2,750 ഇമിഗ്രൻ്റ് നോമിനേഷൻ വിഹിതം മാത്രമാണ് ഫെഡറൽ സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിൽ 1,500 എണ്ണം ന്യൂബ്രൺസ്വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിനായും (NBPNP) 1,250 എണ്ണം അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP)നായും വിഭജിച്ചിരിക്കുന്നു.

2025-ലെ വിഹിതത്തിലെ കുറവ് പ്രവിശ്യയ്ക്കും പ്രവിശ്യയിലെ വ്യാപാരസ്ഥാപനങ്ങളുടെയും സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവിശ്യാ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസത്തിൻ്റെ ചുമതലയുള്ള മന്ത്രി ജീൻ-ക്ലോഡ് ഡി അമോർസ് പറയുന്നു. ഇതോടെയാണ് ആരോഗ്യം, വിദ്യാഭ്യാസം, നിർമ്മാണം തുടങ്ങിയ പ്രധാന മേഖലകൾക്ക് മുൻഗണന നൽകിയതെന്ന് അദ്ദേഹം അറിയിച്ചു. വരും ആഴ്‌ചകളിൽ, ന്യൂബ്രൺസ്വിക് എക്‌സ്‌പ്രസ് എൻട്രി സ്ട്രീം നറുക്കെടുപ്പുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.