തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി കെഎൻ ബാലഗോപാലായിരിക്കും നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തെരഞ്ഞടുപ്പും വരാനിരിക്കെ ജനപ്രിയ നിർദ്ദേശങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. ക്ഷേമ പെൻഷനാണ് ഏവരും ഉറ്റുനോക്കുന്നത്. കുറഞ്ഞത്, 150 മുതൽ 200 രൂപ വരെയെങ്കിലും ക്ഷേമ പെൻഷൻ കൂട്ടി നൽകുമെന്നാണ് സാധാരണക്കാരുടെ പ്രതീക്ഷ. ഒപ്പം, മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനുള്ള തുക കണ്ടെത്തുന്നത് സംബന്ധിച്ച പ്രഖ്യാപനവും ബജറ്റിൽ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
കൂടാതെ, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച സംബന്ധിച്ച് വ്യക്തത നൽകുന്ന സാമ്പത്തിക അവലോകനവും ധനകാര്യ മന്ത്രി ഇന്ന് നിയമസഭയിൽ വെയ്ക്കും. അതേസമയം, വിവിധ സേവന മേഖലകളുടെ നിരക്ക് വർധനയുണ്ടാകുവാനും സാധ്യതയുണ്ട്.