മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ ബജറ്റില്‍ 750 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആദ്യഘട്ട പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 2025 നെ കേരളം സ്വാഗതം ചെയ്യുന്നത് മുണ്ടക്കൈ- ചൂരല്‍മല ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസം പ്രഖ്യാപിച്ചുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു.
പ്രകൃതി പ്രതിഭാസങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ പ്രത്യേക കരുതല്‍ കാണിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനും മേഖലയുടെ പുനര്‍നിര്‍മാണത്തിനും 2221 കോടി രൂപ ആവശ്യമായി വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. കേന്ദ്ര ബജറ്റില്‍ കേരളം യാതൊരു സഹായവും അനുവദിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളോട് കാണിച്ച നീതി കേരളത്തോട് കേന്ദ്രം കാണിക്കുമെന്ന് തന്നെയാണ് ഇപ്പോഴും സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിലുള്ള നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ധനമന്ത്രി പറഞ്ഞു.
മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ ആകെ 1202 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. കേന്ദ്രബജറ്റില്‍ യാതൊരു പ്രഖ്യാപനവുമുണ്ടാകാത്ത പശ്ചാത്തലത്തില്‍ മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനായി സംസ്ഥാന ബജറ്റില്‍ എത്ര കോടി രൂപ നീക്കിവയ്ക്കുമെന്നത് നിര്‍ണായകമായിരുന്നു.