ബ്രാംപ്ടൺ: ബ്രാംപ്ടണിൽ നിന്നുള്ള ഇന്ത്യൻ വംശജയായ യുവതിയെ കാണാതായതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ച് പീൽ റീജിനൽ പൊലീസ്. ഇരുപത്തിയൊന്നുകാരിയായ ഹർസിമ്രഞ്ജീത് എന്ന യുവതിയെയാണ് കാണാതായത്. 2024 ഡിസംബർ 1 ന് ബ്രാംപ്ടണിലെ മോഫാറ്റ് അവന്യൂവിലും ഹഡ്‌സൺ ഡ്രൈവിലുമുള്ള ബസ് സ്റ്റോപ്പിലാണ് ഹർസിമ്രഞ്ജീതിനെ അവസാനമായി കണ്ടത്.

ഇടത്തരം നിറവും 4’11” ഉയരവും നീണ്ട കറുത്ത മുടിയുമുള്ള ദക്ഷിണേഷ്യൻ യുവതിയെ കണ്ടെത്തുന്നതിനായി പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. ഓറഞ്ചും കറുപ്പും ജാക്കറ്റും ഇളം പച്ച ലെഗ്ഗിംഗും ടോപ്പുമായിരുന്നു ഹർസിമ്രഞ്ജീത് കാണാതാവുമ്പോൾ ധരിച്ചിരുന്ന വസ്ത്രം.
കാണാതായ യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 905 – 453–2121 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.