മൺട്രിയോൾ : യുഎസിൽ നിന്ന് അനധികൃതമായി കാനഡയിലേക്ക് കടക്കാൻ ആളുകളെ സഹായിച്ചുവെന്നാരോപിച്ച് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് ആർസിഎംപി. രണ്ട് വ്യത്യസ്ത അന്വേഷണങ്ങളിലായാണ് നടപടി. 2024 ൽ നിരവധി ആളുകൾക്ക് നിയമവിരുദ്ധമായി നാട് കടക്കാൻ സൗകര്യമൊരുക്കിയതിന് നാൽപത്തിയൊന്ന് വയസ്സുള്ള മുഹമ്മദ് അക്കയ്ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി. അമേരിക്കൻ അതിർത്തിക്ക് സമീപം കെബെക്കിലെ ഓർമ്‌സ്‌ടൗണിൽ വെച്ചാണ് അക്കയെ പിടികൂടിയത്. അനധികൃതമായി കാനഡയിലേക്ക് കടന്ന ഒരു കൂട്ടം ആളുകളെ സഹായിക്കുകയായിരുന്നു ഇയാൾ.
യുഎസ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കെബെക്ക് മുനിസിപ്പാലിറ്റിയായ ഫ്രാങ്ക്ലിനിൽ വച്ചാണ് വാഹനം തടഞ്ഞ് അഡ്രിയാൻ ജോസ് ഹെരേര ടബാരെസ് (34), ഫ്രാഞ്ചേലി കൊറോമോട്ടോ ഗുസ്മാൻ എസ്പിനോസ (28) എന്നിവരെ മറ്റൊരു അന്വേഷണത്തിന്റെ ഭാഗമായി 2024 നവംബർ 15 ന് അറസ്റ്റ് ചെയ്തത്. ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ ആക്ട് ലംഘിച്ചതിന് ഇവർക്കെതിരെ കേസെടുത്തു.

അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അറസ്റ്റെന്നും മൂന്ന് ആഴ്ചകൾക്കുള്ളിൽ കാനഡ-യുഎസ് അതിർത്തിയിലെ ആർസിഎംപി ജീവനക്കാരെ 35% വർധിപ്പിച്ചതായും ആർസിഎംപി കമ്മീഷണർ മൈക്ക് ഡുഹേം പറഞ്ഞു. കൂടാതെ ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകളും പ്രദേശത്ത് വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു. 130 കോടി ഡോളർ ബോർഡർ പ്ലാനിന്റെ ഭാഗമായി അതിർത്തി സുരക്ഷയ്ക്ക് 10,000 ഫ്രണ്ട്‌ലൈൻ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് കനേഡിയൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആർസിഎംപിയെ 514-939-8300 ,1-800-771-5401 എന്നീ നമ്പറുകളിൽ ബന്ധപ്പെടാൻ പൊലീസ് അഭ്യർത്ഥിച്ചു.