ഓട്ടവ : മൊബൈൽ ഫോണുകളിൽ നിന്ന് ഡീപ്സീക്കിന്റെ ചാറ്റ്ബോട്ടിനെ നിയന്ത്രിക്കാനൊരുങ്ങി ഫെഡറൽ സർക്കാർ. സർക്കാർ സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഷെയേർഡ് സർവീസസ് കാനഡയുടെ നിയന്ത്രണത്തിലുള്ള മൊബൈൽ ഉപകരണങ്ങളിൽ ഡീപ്സീക്ക് നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. മറ്റ് ഏജൻസികളും വകുപ്പുകളും ഇത് പിന്തുടരണമെന്നും സർക്കാർ നിർദ്ദേശിച്ചു.
ഗുരുതരമായ സ്വകാര്യതാ ആശങ്കകൾ മൂലമാണ് ഈ നീക്കമെന്ന് ട്രഷറി ബോർഡ് സെക്രട്ടേറിയറ്റ് ചീഫ് ഇൻഫർമേഷൻ ഓഫീസർ ഡൊമിനിക് റോച്ചോണ്‍ പറയുന്നു. ചൈനീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഡീപ്സീക്കിന്റെ വ്യക്തിഗത വിവരങ്ങളുടെ അനുചിതമായ ശേഖരണവും സൂക്ഷിക്കലും ആശങ്കകളിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ നെറ്റ്‌വർക്കുകളും ഡാറ്റയും സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടി എന്ന നിലയിൽ മറ്റ് വകുപ്പുകളും ഏജൻസികളും ഇത് പിന്തുടരണമെന്നും റോച്ചോൺ ആഹ്വാനം ചെയ്തു.

എതിരാളികളേക്കാൾ ചിലവ് കുറഞ്ഞ ഓഫറുകൾ നൽകുന്ന ചാറ്റ്ബോട്ട് കഴിഞ്ഞ മാസം പുറത്തിറക്കിയതോടെ ഡീപ്സീക്ക് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പേരുകൾ, ഇമെയിലുകൾ, ടെലിഫോൺ നമ്പറുകൾ, ജനനത്തീയതികൾ തുടങ്ങിയ ഉപയോക്തൃ വിവരങ്ങൾ, ടെക്സ്റ്റ് അല്ലെങ്കിൽ ഓഡിയോ ഇൻപുട്ടുകൾ, പ്രോംപ്റ്റുകൾ, അപ്‌ലോഡ് ചെയ്ത ഫയലുകൾ, ഫീഡ്‌ബാക്ക്, ചാറ്റ് ഹിസ്റ്ററി എന്നിവ ചാറ്റ്ബോട്ട് ശേഖരിക്കുമെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.