ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുമ്പോൾ അധികാരം ഉറപ്പാക്കി ബിജെപി. ഭരണകക്ഷിയായ ആം ആദ്മി തകർന്നടിഞ്ഞു. എഎപിക്ക് കനത്ത പ്രഹരമായി ദേശീയ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെയും മുൻ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയുടെയും തോൽവി. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപി നേതാവ് പർവേശ് വർമയാണ് അട്ടിമറി ജയം സ്വന്തമാക്കിയത്.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല. എഎപി, ബിജെപി, കോൺഗ്രസ് എന്നീ പ്രമുഖ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്.
കെജ്രിവാള്‍ 20190 വോട്ട് നേടിയപ്പോള്‍ പര്‍വേശ് 22034 വോട്ടും സ്വന്തമാക്കി. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് നേടിയ 3503 വോട്ടും കെജ്രിവാളിന്റെ പരാജയത്തിന്റെ നിർണായക ഘടകമായിരുന്നു. 2013-ല്‍ ഷീലാ ദീക്ഷിതിനെ തോല്‍പിച്ചായിരുന്നു കെജ്രിവാൾ അധികാരത്തിൽ എത്തിയത്.