കല്‍പ്പറ്റ: അസംതൃപ്തരായ രാജ്യതലസ്ഥാനത്തെ ജനങ്ങള്‍ മാറ്റത്തിനുവേണ്ടി വോട്ട് രേഖപ്പെടുത്തിയെന്ന് പ്രതികരിച്ച് കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന കാര്യം തിരഞ്ഞെടുപ്പിന് മുന്‍പേ നടന്ന പാര്‍ട്ടി യോഗങ്ങളില്‍ തന്നെ വ്യക്തമായിരുന്നുവെന്നും അവർ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തുവെന്നും വിജയികൾക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രിയങ്ക പറഞ്ഞു. പരാജയപ്പെട്ടവര്‍ കൂടുതല്‍ കഠിനമായി പരിശ്രമിക്കുകയും ആളുകളുടെ വിഷയങ്ങളില്‍ പ്രതികരിക്കുകയും വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഡല്‍ഹി നിയമസഭയുടെ എഴുപത് സീറ്റുകളിലേക്ക് നടന്ന പോരാട്ടത്തില്‍ ഒരു സീറ്റില്‍പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. 48 സീറ്റുകളില്‍ വിജയം ഉറപ്പിച്ച ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ്. എഎപി 22 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.