കാൽഗറി : നഗരത്തിൽ ഭവന നിർമ്മാണം കുതിച്ചുയരുന്നതായി റിപ്പോർട്ട്. ഓരോ വർഷവും നിർമ്മിക്കപ്പെടുന്ന വീടുകളുടെ എണ്ണത്തിൽ കാൽഗറിയാണ് രാജ്യത്ത് മുന്നിൽ നിൽക്കുന്നത്. 2024-ൽ മാത്രം പതിനെട്ടായിരത്തിലധികം റെസിഡൻഷ്യൽ ബിൽഡിങ് പെർമിറ്റുകളാണ് നൽകിയത്. ടൗൺഹൗസ്, റോഹൗസ്, സെമി-ഡിറ്റാച്ച്ഡ് യൂണിറ്റുകൾ എന്നിവയ്ക്കായി ഇതുവരെ ഏറ്റവും കൂടുതൽ പെർമിറ്റുകൾ നൽകിയത് കഴിഞ്ഞ വർഷമാണ്. 2006-ന് ശേഷമുള്ള ഏറ്റവും കൂടുതൽ സിംഗിൾ ഡിറ്റാച്ച്ഡ് ഹോം പെർമിറ്റുകളും നൽകിയത് ഈ കാലയളവിൽ ആണെന്ന് കാൽഗറി സിറ്റി ചീഫ് ബിൽഡിങ് ഓഫീസർ ഉൾറിക് സെവാർഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വീട് നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ എളുപ്പമാക്കിയതിൻ്റെ ഫലമായി മൊത്തത്തിലുള്ള വിതരണം വർധിക്കുകയും കാൽഗറി നിവാസികൾക്ക് ചെലവ് കുറഞ്ഞ താമസ സൗകര്യം ലഭ്യമാവുകയും ചെയ്യുന്നതായി ചീഫ് ഹൗസിങ് ഓഫീസർ റീഡ് ഹെൻറി പറഞ്ഞു. നിർമ്മാണ മേഖലയിൽ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കിയ മറ്റ് പദ്ധതികളും നഗരത്തിൽ നിർമ്മിക്കുന്ന വീടുകളുടെ എണ്ണം മെച്ചപ്പെടുത്താൻ സഹായിച്ചതായും ചീഫ് ഹൗസിങ് ഓഫീസർ വ്യക്തമാക്കി.