മൺട്രിയോൾ : നഗരത്തിൽ നിന്നും 10 ലക്ഷം ഡോളറിലധികം വിലമതിക്കുന്ന ഒലിവ് ഓയിൽ പാലറ്റുകൾ മോഷ്ടിക്കപ്പെട്ടതായി പൊലീസ്. നൂറിലധികം പാലറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. ഫെബ്രുവരി അഞ്ചിനാണ് മോഷണം റിപ്പോർട്ട് ചെയ്‌തത്.
![](http://mcnews.ca/wp-content/uploads/2024/12/IP-Tv-1024x505.jpg)
മൺട്രിയോളിലെ ഉപഭോക്താവിന് ട്രാൻസ്പോർട്ട് കമ്പനി ഉൽപ്പന്നം അയച്ചതായും,പക്ഷേ അത് ഫെബ്രുവരി 3, 4 തീയതികളിൽ എത്തിയില്ലെന്നും മൺട്രിയോൾ പൊലീസ് (SPVM) പറഞ്ഞു. ലാച്ചൈനിലെ ട്രാൻസ്പോർട്ട് ക്യൂ-ട്രാൻസ് ഇൻകോർപ്പറേറ്റഡ് എന്ന കമ്പനിയിൽ ഒലിവ് ഓയിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ മറ്റൊരു കമ്പനി ചരക്കുകൾ എടുത്തെങ്കിലും അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചില്ലെന്നും പൊലീസ് പറയുന്നു. കാണാതായ ചരക്കുകൾ കൊണ്ടുപോയ ട്രക്കുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് SPVM വക്താവ് ജീൻ-പിയറി ബ്രബാന്റ് പറഞ്ഞു. മോഷണത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇൻഫോ ക്രൈം ലൈനുമായി 514-393-1133 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.