ബ്രാംപ്ടൺ: പനോരമ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ കാനഡയിലെ ബ്രാംപ്ടണിലെ പിയേഴ്‌സൺ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചു. ഇന്ത്യയുടെ ആക്ടിങ് കോൺസൽ ജനറൽ കപിധ്വജ പ്രതാപ് സിംഗ് ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തതോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അയ്യായിരത്തോളം ഇന്ത്യൻ വംശജരാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള ജനപ്രാതിനിധ്യം പിയേഴ്‌സൺ കൺവെൻഷൻ സെന്ററിന് ഒരു മിനി ഇന്ത്യയുടെ നിറം നൽകി.
പാട്രിയോട്ടിക് സെഗ്മെന്റോടെയായിരുന്നു പരിപാടിയുടെ തുടക്കം. ഉദ്ഘാടനം ചടങ്ങുകൾക്ക് ശേഷം കഴിഞ്ഞ വർഷം സംഘടിപ്പിച്ച പരിപാടികളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പനോരമ ഇന്ത്യ സംഘടിപ്പിച്ച ഫ്‌ളോട്ട് മത്സരത്തിൽ ഒന്നാം സ്ഥാനത്തു എത്തിയ നയാഗ്ര മലയാളി സമാജം പുരസ്‌കാരം ഏറ്റുവാങ്ങി. തുടർന്ന് പനോരമ ഇന്ത്യ ഐഡൽ മത്സരങ്ങളും, നാടോടി നൃത്ത മത്സരങ്ങളും നടന്നു. തിങ്ങി നിറഞ്ഞ സദസ്സിനു മുന്നിലായിരുന്നു വിവിധ സംസ്ഥാനങ്ങൾ അവതരിച്ച നാടോടി നൃത്തങ്ങൾ.
വാശിയേറിയ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത് കേരളത്തെ പ്രതിനിധീകരിച്ചു മിസ്സിസാഗയിലെ ഡാൻസിങ് ദിവാസ് എന്ന ഡാൻസ് ഗ്രൂപ്പ് അണിയിച്ചൊരുക്കിയ നൃത്തരൂപമാണ്. ക്ലാസസ് ഓഫ് ക്രാമ എന്ന ടീമുമായി ചേർന്നായിരുന്നു അവതരണം. തുടർന്ന് സാംസ്‌കാരിക പരിപാടികളും, പനോരമ ആർട്സ് കോംപെറ്റീഷനും നടന്നു. അവാർഡ് വിതരണത്തോടെ പരിപാടികൾ സമാപിച്ചു.