ഓട്ടവ : പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ യൂറോപ്പ് സന്ദർശനം യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ (AI) രാജ്യത്തിൻറെ വളർച്ച പങ്കുവെയ്ക്കാനും അവസരമൊരുക്കുന്നുവെന്ന് വിദഗ്ധർ. അഞ്ച് ദിവസത്തെ യൂറോപ്പ് സന്ദർശനത്തിനാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഒരുങ്ങുന്നത്.
അതിവേഗം വളർച്ച കൈവരിക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയെ കേന്ദ്രീകരിച്ചുള്ള മൂന്നാമത്തെ പ്രധാന ആഗോള കൂടിക്കാഴ്ചയായ AI ആക്ഷൻ ഉച്ചകോടിക്കായി യാത്രയുടെ ഭൂരിഭാഗവും ട്രൂഡോ പാരിസിൽ ചെലവഴിക്കും. തുടർന്ന് ട്രൂഡോ കാനഡ-യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗത്തിനായി ബ്രസ്സൽസിൽ എത്തും.
![](http://mcnews.ca/wp-content/uploads/2023/07/Royal-LePage-JoJu-Augustine-5.jpg)
യുഎസ് താരിഫുകളിൽ നിന്ന് കാനഡയ്ക്ക് താൽക്കാലിക ആശ്വാസം ലഭിച്ചു, എന്നാൽ യൂറോപ്യൻ യൂണിയനും സമാനമായ ഭീഷണികൾ നേരിടുന്നു. കാനഡയും യൂറോപ്യൻ യൂണിയനും ഒരുമിച്ച് പ്രവർത്തിച്ച് ഈ താരിഫുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സമയമാണിതെന്ന്, കാൾട്ടൺ യൂണിവേഴ്‌സിറ്റിയിലെ യൂറോപ്യൻ യൂണിയൻ രാഷ്ട്രീയ വിദഗ്ധൻ അക്കിം ഹുറെൽമാൻ പറയുന്നു. കാനഡയും യൂറോപ്യൻ യൂണിയനും തമ്മിൽ സൗഹൃദപരമായ ബന്ധമുണ്ടെന്നും കാനഡ-യൂറോപ്യൻ യൂണിയൻ സമഗ്ര സാമ്പത്തിക വ്യാപാര കരാർ, തന്ത്രപരമായ പങ്കാളിത്ത കരാർ എന്നീ രണ്ട് പ്രധാന കരാറുകളിലൂടെ ആഗോള വിഷയങ്ങളിൽ യോജിക്കുന്നവരാണെന്നും ഹുറെൽമാൻ പറഞ്ഞു.
ഇത്തവണത്തെ പാരിസ് ഉച്ചകോടി AI-യും പൊതുതാൽപ്പര്യവും, ജോലിയുടെ ഭാവി, നവീകരണവും സംസ്കാരവും, തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.