മൺട്രിയോൾ : കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇനി സൗജന്യ ക്യാരി-ഓൺ ബാഗുകൾ അനുവദിക്കില്ലെന്ന് എയർ ട്രാൻസാറ്റ്. ചൊവ്വാഴ്ച മുതൽ ക്യാരി-ഓൺ ബാഗുകൾ കൊണ്ട് പോകുന്നതിന് എയർലൈനിന്‍റെ ഇക്കോ ബജറ്റ്, ഇക്കോ പ്രമോ ഫെയർ ക്ലാസിലെ യാത്രക്കാർക്ക് നിശ്ചിത ഫീസ് നൽകേണ്ടി വരും. ഡിസംബറിൽ ക്യാരി-ഓൺ ബാഗ് ഫീസ് സംബന്ധിച്ച് പാർലമെൻ്റ് അംഗങ്ങളിൽ നിന്ന് കനേഡിയൻ എയർലൈൻ കമ്പനികൾ എതിർപ്പ് നേരിട്ടിരുന്നു. അതിന് പിന്നാലെയാണ് എയർ ട്രാൻസാറ്റിന്‍റെ ഈ പുതിയ നീക്കം.

അതേസമയം ഓരോ മേഖലയിലേക്കുള്ള ഫ്ലൈറ്റുകളിലും ഫീസുകൾ വ്യത്യസ്തമായിരിക്കും. വടക്കേ അമേരിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലുള്ള വിമാനങ്ങളിൽ 35 ഡോളറിനും 50 ഡോളറിനും ഇടയിൽ ചെക്ക് ഇൻ ഫീസ് നൽകേണ്ടി വരും. എന്നാൽ യൂറോപ്പ്, പെറു, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് ഈ നിരക്ക് ബാധകമായിരിക്കില്ല. കൂടാതെ എല്ലാ ഫെയർ ക്ലാസുകളിലെയും യാത്രക്കാർക്ക് പഴ്‌സ്, ലാപ്‌ടോപ്പ് ബാഗ് പോലുള്ള ചെറിയ വ്യക്തിഗത ഇനങ്ങൾ സൗജന്യമായി വിമാനത്തിൽ കൊണ്ടുപോകാൻ അനുവാദമുണ്ട്.