ന്യൂ ഡല്‍ഹി: 27 വര്‍ഷത്തിന് ശേഷം തിരിച്ചുകിട്ടിയ ഡല്‍ഹിയെ ആര് നയിക്കുമെന്ന് തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി. അമിത് ഷായുടെ വസതിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച നടന്നു. പര്‍വേഷ് വര്‍മയുടെ പേരിനാണ് മുന്‍തൂക്കമെങ്കിലും മറ്റു നേതാക്കളും ചര്‍ച്ചയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിനുശേഷം സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം.
രാവിലെ അമിത് ഷായുടെ വസതിയില്‍ ജെ പി നദ്ദയും ജന സെക്രട്ടറി ബിഎല്‍ സന്തോഷും സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവയും കൂടികാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായും പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുമായും ഇന്നലെയും ചര്‍ച്ച നടത്തിയിരുന്നു.

ന്യൂ ദില്ലി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെ തോല്‍പ്പിച്ച പര്‍വേഷ് വര്‍മ്മയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യ പരിഗണനയിലുള്ളത്.
അതേസമയം, മുതിര്‍ന്ന നേതാക്കളായ വിജേന്ദര്‍ ഗുപ്തയുടെയും സതീഷ് ഉപാധ്യായുടെയും പേരുകളും ഉയര്‍ന്നുവരുന്നുണ്ട്. ആര്‍എസ്എസ് നേതാവായ അഭയ് മഹാവറും ചര്‍ച്ചയിലുണ്ട്. വനിതാ മുഖ്യമന്ത്രിയാകണമെന്ന തീരുമാനമുണ്ടായാല്‍ രേഖ ഗുപ്ത, ശിഖ റായ് എന്നിവര്‍ക്കാണ് സാധ്യത. നിലവില്‍ എംഎല്‍എമാരിലാരെങ്കിലും തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് വിവരം.
എന്തായാലും ഫ്രാന്‍സ് – അമേരിക്ക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോകും മുന്‍പ് പ്രഖ്യാപനമുണ്ടാകും. ശനിയാഴ്ചയോ ഞായറാഴ്ചയോ സത്യപ്രതിജ്ഞ ചടങ്ങ് നടന്നേക്കും. എന്‍ഡിഎയിലെ എല്ലാ മുഖ്യമന്ത്രിമാരെയും പ്രധാനപ്പെട്ട നേതാക്കളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തി പ്രകടനമാക്കാനാണ് ബിജെപി തീരുമാനം.